X

സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; സര്‍ക്കാറിനെ നിലപാട് അറിയിച്ച് മുസ്‌ലിംലീഗ്

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മുസ്‌ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മുസ്‌ലിം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഡോ.എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് മുസ് ലിം ലീഗ് നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചത്.
നിവേദനത്തിന്റെ പൂര്‍ണരൂപം:

ഇന്ത്യയൊട്ടാകെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കേരളത്തില്‍ പാലോളി കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 22.02.2011ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലൂടെ 80:20 അനുപാതം ആക്കിയത് ബഹു. ഹൈക്കോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടുവല്ലോ. ഈ സാഹചര്യം മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയിലായിരിക്കുന്നു. മാത്രവുമല്ല, 80:20 അനുപാതത്തിലൂടെ ലത്തീന്‍ കത്തോലിക്കാ വിഭാഗം ഉള്‍പെടെയുള്ള ഇതര പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് അനുവദിച്ചുവന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച ശേഷം കമ്മിറ്റി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംവിധാനം പുതിയ വിധിയിലൂടെ ഇല്ലാതായിരിക്കുന്നു. ഇതിനൊരു പരിഹാരമായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നു.
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി സ്‌കീം ഇംപ്ലിമെന്റേഷന്‍ സെല്‍ എന്നോ സമാനമായ മറ്റെന്തെങ്കിവും പേരുകളിലോ ഒരു വകുപ്പുണ്ടാക്കി ആനുകൂല്യങ്ങള്‍ 100 ശതമാനം പിന്നാക്കമായ മുസ്‌ലിം സമുദായത്തിന് നല്‍കേണ്ടതാണ്. ഇതുവഴി സച്ചാര്‍ കമ്മിറ്റി സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി പുതിയതായി പ്രത്യേക ബോര്‍ഡ് ഉണ്ടാക്കുകയും ആ ആനുകൂല്യങ്ങള്‍ നൂറു ശതമാനവും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന സാഹചര്യം ഒരുക്കുകയും ചെയ്യാം.
അതുപോലെ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന ആനുകൂല്യങ്ങള്‍ 2021 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ളവര്‍ക്ക് നിലവിലുള്ള ന്യൂനപക്ഷ കമ്മീഷനുകളുലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികള്‍ക്ക് ഇട നല്‍കാത്തവിധം നടപ്പിലാക്കേണ്ടതാണ്.

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ ഒഴിവാക്കാനായി ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് ലഭ്യമാകുന്ന തരത്തില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഏതു സ്‌കീമിന്റെ അടിസ്ഥാനത്തിലാണെന്നു പരസ്യപ്പെടുത്താനും അനാവശ്യ വിവാദങ്ങളിലേക്ക് കാര്യങ്ങള്‍ വലിച്ചിഴച്ച് സൗഹാര്‍ദ്ദം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുഭരണവും ന്യൂനപക്ഷ വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

Test User: