കൂട്ടിലങ്ങാടി : മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത് മൊട്ടമ്മല്‍ പതിനെട്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി മെരുവിന്‍ കുന്നിലെ പൊന്‍കുളത്തില്‍ ചാത്തന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ കാരുണ്യ ഭവനത്തിന്റെ താക്കോല്‍ദാനം ഓണ സമ്മാനമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
മൂന്നു പെണ്‍മക്കള്‍ മാത്രമുള്ള എസ് സി കുടുംബവും കൂട്ടിലങ്ങാടി കടവിലെ മുന്‍ മണല്‍ തൊഴിലാളിയുമായിരുന്ന 74 കാരനായ ചാത്തനും 65 കാരിയായ ഭാര്യ മാണിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ജീര്‍ണ്ണിച്ച് ചോര്‍ന്നൊലിച്ച് തകര്‍ന്നു വീഴാറായ കൊച്ചു വീട്ടിലായിരുന്നു താമസം.
വീട് പുനര്‍നിര്‍മ്മിക്കുന്നതിന് സ്വന്തമായി സാമ്പത്തിക ശേഷിയില്ലാത്തതും കുടുംബത്തിന്റെ രോഗ സ്ഥിതിയും വീടിന്റെ അപകടാവസ്ഥയും മനസ്സിലാക്കി വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ഏറ്റെടുകയായിരുന്നു. വാര്‍ഡ് കമ്മറ്റിയുടെ മൂന്നാമത്തെ ബൈത്തുറഹ്മയാണിത്.ഏഴര ലക്ഷം രൂപ ചിലവില്‍ രണ്ട് കിടപ്പുമുറികളും ഹാളും വരാന്തയും അടുക്കളയും ഉള്‍പ്പെടെ 700 ചതുരശ്ര അടിയില്‍ അഞ്ചു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
മഞ്ഞളാംകുഴി അലി എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.ഹുസൈന്‍ ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍.കെ.അഹമ്മദ് അഷ്‌റഫ് ,മണ്ഡലം ഭാരവാഹികളായ കുന്നത്ത് മുഹമ്മദ്, അഡ്വ: ടി. കുഞ്ഞാലി, മക്ക കെ.എം.സി.സി.പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, കുരിക്കള്‍ മുനീര്‍ ,ടി.പി.ഹാരിസ്, ജാഫര്‍ വെള്ളക്കാട്ട്, എ.അയ്യപ്പന്‍ മാനു, പി.ഉസ്മാന്‍ , ഇ.സി.നൂറുദ്ദീന്‍, ഇ.സി.മുഹമ്മദ്, ഇ.സി.അഷ്‌റഫ് ,ടി.മൊയ്തീന്‍ കുട്ടി, എന്‍.കെ.സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.