X

ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കി. ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികള്‍ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ജനിച്ച മണ്ണില്‍ ഏതൊരു പൗരനും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന നമ്മുടെ രാജ്യത്ത് ജനങ്ങളുടെ മൗലികമായ അവകാശങ്ങളെയും സ്വതന്ത്രമായി ജീവിക്കാനുള്ള അധികാരത്തെയും ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രമേയത്തെ പിന്തുണച്ചു പറഞ്ഞു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പി.ടി. തോമസ് മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. ലീഗ് അംഗങ്ങളും ഭേദഗതികള്‍നിര്‍ദേശിച്ചിരുന്നു.

ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന എന്ന പ്രമേയം സഭ ഐകണ്‌ഠ്യേനയാണ് പാസാക്കിയത്.

 

Test User: