X

റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്താന്‍ നീക്കമെന്ന് പരാതി

കോഴിക്കോട് : പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലുള്ള പത്തോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ നീക്കമെന്ന് പരാതി. വടകര, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളാണ് നിര്‍ത്തുന്നതായി പരാതികള്‍ ഉയരുന്നത്. വടകര ഉള്‍പ്പെടെയുള്ള ചില റെയില്‍വേ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ ഇപ്പോള്‍ തന്നെ ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം ഭാഗികമാക്കി മാറ്റിയതെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ പരാതിപ്പെടുന്നു.

ആളുകള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആളില്ല എന്നതിന് പുറമെ കോച്ച് പൊസിഷന്‍ എഴുതി വെക്കുന്ന പതിവും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇല്ലാതായതോടെ നിന്നിട്ടുണ്ട്. ട്രെയിന്‍ വന്നു കഴിഞ്ഞാല്‍ കോച്ച് ഏതെന്നറിയാതെ തലങ്ങും വിലങ്ങും ഓടേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെ വലിയ പ്രയാസമാണ് ഇത് മൂലം നേരിടുന്നത്.
ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ പുനസ്ഥാപിക്കണമെന്ന് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് ഫെഡറേഷന്‍ (എം.ടി.പി.എഫ്) ആവശ്യപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നെന്നേക്കുമായി അടച്ചു പൂട്ടാനാണ് നീക്കം എന്ന് യാത്രക്കാര്‍ക്ക് സംശയമുണ്ട്. റെയില്‍വേ യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കണമെന്നും എം.ടി.പി.എഫ് ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് സാഹചര്യത്തിലുള്ള ക്രമീകരണം മാത്രമാണ് നടത്തുന്നതെന്നും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥിരമായി നിര്‍ത്തുന്നില്ലെന്നും സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പി.ആര്‍.ഒ ഗോപിനാഥ് ചന്ദ്രികയോട് പറഞ്ഞു. സ്റ്റാഫുകളില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവുണ്ട്. ഇപ്പോള്‍ യാത്രക്കാര്‍ റിസര്‍വേഷന്‍ ചെയ്ത് ടിക്കറ്റെടുക്കുന്നവരാണ്. വിവരങ്ങള്‍ ചോദിച്ചറിയാന്‍ എത്തുന്നവരുടെ എണ്ണവും വളരെ കുറവാണ്. ഇതോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ ക്രമീകരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Test User: