X

387 രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 1921ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന് നൂറ്റാണ്ട് തികയുന്ന വേളയില്‍ രാജ്യത്തിന് വേണ്ടി പൊരുതി മരിച്ച രക്തസാക്ഷികളെ അപമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. സമര നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉള്‍പ്പെടെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്(ഐസിഎച്ച്ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. 1921ലെ മഹത്തായ മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമല്ലെന്ന് പറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ്പരിവാര്‍ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി.

ഐ.സി.എച്ച്.ആര്‍ നിഘണ്ടുവിന്റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച പാനലാണ് ഇത്തരത്തില്‍ നിര്‍ദേശം സമര്‍പ്പിച്ചതെന്ന് ‘ദ ഹിന്ദു’ റിപോര്‍ട്ട് ചെയ്തു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ താല്‍പര്യങ്ങള്‍ അതേപടി ചേര്‍ത്ത് ചരിത്ര പുസ്തകത്തില്‍ വെട്ടിനിരത്തല്‍ നടത്തുന്നത്. അടുത്തിടെ നടന്ന മലബാര്‍ വിപ്ലവ ഇരകളുടെ അനുസ്മരണ പരിപാടിയില്‍, ഇത് ഇന്ത്യയില്‍ താലിബാന്‍ മനസ്സിന്റെ ആദ്യ പരസ്യപ്പെടുത്തലുകളിലൊന്നായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം ആര്‍.എസ്.എസ് അജണ്ട അതേപടി നടപ്പാക്കുന്ന രീതിയിലാണ്.

Test User: