X

പാചകവാതക സബ്‌സിഡി നിലച്ചിട്ട് ഒന്നര വര്‍ഷം ;പുനഃസ്ഥാപിക്കാന്‍ നടപടിയില്ല

പാചകവാതക സബ്‌സിഡി നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ലാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില അടിക്കടി വര്‍ധിച്ച് 900 രൂപയിലെത്തി. മുഴുവന്‍ തുകയും നല്‍കിയിട്ടും സബ്‌സിഡി വകയില്‍ ഒരുപൈസ പോലും അക്കൗണ്ടുകളില്‍ എത്തുന്നില്ല. അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വില കുറക്കാത്ത കേന്ദ്ര സര്‍ക്കാറാണ് ഗ്യാസിന്റെ വിലയും ഉയരത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. മാസാമാസം എണ്ണക്കമ്പനികള്‍ പുറത്തിറക്കുന്ന നിരക്കിന് അംഗീകാരം നല്‍കുന്നത് കേന്ദ്ര സര്‍ക്കാറാണ്. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിണ്ടറിന് ഒരേ വിലയായ സമയത്താണ് സബ്‌സിഡി നിര്‍ത്തിയത്. എന്നാല്‍ പിന്നീട് വില പകുതിയോളം ഉയര്‍ന്നപ്പോഴും സബ്‌സിഡി പുനരാംഭിച്ചിട്ടില്ല.

2015ലാണ് പാചകവാതക സബ്സിഡിക്കു മേല്‍ കേന്ദ്രസര്‍ക്കാര്‍ കൈവെച്ചത്. സബ്‌സിഡി സിലിണ്ടറിന്റെ വിലയില്‍ കുറച്ചു നല്‍കുന്ന രീതി അവസാനിപ്പിച്ച് സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ രീതി സര്‍ക്കാര്‍ ആരംഭിക്കുകയായിരുന്നു. ആദ്യമൊക്കെ സബ്സിഡി കൃത്യമായി ബാങ്ക് അക്കൗണ്ടുകളിലെത്തി. സബ്സിഡിയായി 500 രൂപയിലധികം അക്കൗണ്ടുകളിലെത്തിയ സമയമുണ്ടായിട്ടുണ്ട്. സിലിണ്ടറിന്റെ വില 1000 കടന്ന സാഹചര്യത്തിലായിരുന്നു ഇത്.
പിന്നീട് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ 12 ആയി നിജപ്പെടുത്തി. സബ്സിഡി മാനദണ്ഡങ്ങളിലും സബ്സിഡി സിലിണ്ടറിന്റെ വിലയിലുമൊക്കെ ജനങ്ങളറിയാതെ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. സബ്സിഡി തുക ഏറിയും കുറഞ്ഞും മാറി. പലര്‍ക്കും കിട്ടാത്ത അവസ്ഥയുണ്ടായി.

ഏറ്റവും ഒടുവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക അക്കൗണ്ടുകളിലേക്കെത്തിയത് 2020 ഫെബ്രുവരിയിലാണ്. 20 രൂപയാണ് ആ മാസം ലഭിച്ചത്. സിലിണ്ടറിന്റെ വില 700 രൂപയായിരുന്നപ്പോഴാണ് ഇത്. പിന്നീട് വില കുറഞ്ഞ് 600 രൂപയായി. സബ്സിഡി സിലിണ്ടറിന്റെയും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെയും വില തുല്യമായെന്ന കാരണം പറഞ്ഞ് സബ്സിഡി തന്നെ ലഭിക്കാതായി. അതിനു ശേഷം സിലിണ്ടറിന്റെ വില ഉയര്‍ത്തിയെങ്കിലും സബ്സിഡി അക്കൗണ്ടുകളില്‍ ലഭ്യമാക്കിയില്ല. ഇപ്പോള്‍ പാചകവാതക വില 879 രൂപയാണ്. 300 രൂപയോളം സബ്സിഡിയായി ലഭിക്കേണ്ട സ്ഥാനത്ത് ഒന്നും നല്‍കുന്നില്ല.

കോവിഡ് കാലത്ത് വറുതിയിലായ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സൗജന്യ കണക്ഷന്‍ ഉള്ളവരും ഇപ്പോള്‍ സബ്‌സിഡി ഇല്ലാത്തതിനാല്‍ മുഴുവന്‍ തുകയും നല്‍കി സിലിണ്ടര്‍ വാങ്ങേണ്ട അവസ്ഥയാണ്.
സബ്‌സിഡി നല്‍കാത്തതുമൂലം 2020ല്‍ മാത്രം 20,000 കോടി രൂപ ലാഭമുണ്ടായതായാണ് കണക്ക്. ഇത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാത്രമല്ല 1.08 കോടി ആളുകള്‍ സബ്‌സിഡി വേണ്ട എന്നു വെച്ചിരുന്നു. ഇതുവഴി 300 കോടി രൂപയും ലാഭമുണ്ടായിട്ടുണ്ട്.
എന്ന് സബ്‌സിഡി പുനഃസ്ഥാപിക്കുമെന്ന കാര്യത്തില്‍ മറുപടി പറയാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാറിനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സബ്‌സിഡി സ്വപ്‌നമായിതന്നെ തുടരും.

 

Test User: