X

കോവിഡില്‍ നട്ടംതിരിയുന്ന പ്രവാസം

ഹുസൈന്‍ കമ്മന

രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. ഗ്രാമീണ ജീവിതങ്ങളില്‍ നിന്നും വൈദേശിക ജീവിതത്തിലേക്കുള്ള പറിച്ചുനടലില്‍ സുഖവും സന്തോഷവും ത്യജിച്ച്, ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം സമൃദ്ധമായി അവരിലൂടെ വളരുന്നുണ്ടായിരുന്നു. അവധിക്കു നാട്ടിലെത്തുമ്പോള്‍ സ്വന്ത ബന്ധങ്ങള്‍ക്ക് മ ന്നില്‍ നിവര്‍ന്നു നില്‍ക്കാനായി, നീണ്ട വര്‍ഷങ്ങള്‍ ഇടുങ്ങിയും ഞെരുങ്ങിയും ജീവിക്കുന്ന പ്രവാസത്തിന്റെ നാള്‍വഴികള്‍ അനുഭവങ്ങളുടെ ഉപരിപാഠശാലയാണ്. യാതനയും വേദനയും പേറിയുള്ള പ്രവാസത്തിന്റെ ഉള്ളറകള്‍ തേടിച്ചെല്ലാന്‍ ആരുമുണ്ടാവാറില്ല. ജംബോ പാസ്‌പോര്‍ടിലും ഡിപ്ലോമറ്റിക് പാസ്‌പോര്‍ടിലുമെത്തുന്ന ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക്, ബൊക്കെയും മാലയും നല്‍കി, രാഷ്ട്രീയത്തിന്റെ നിറങ്ങള്‍ക്കനുസരിച്ച് അവകാശപ്പെട്ടവര്‍, മഹാനഗരങ്ങളുടെ ഹൃദയഭാഗങ്ങളില്‍ സ്വീകരണവും ഭക്ഷണവുമൊരുക്കുന്നു. ലേബര്‍ ക്യാമ്പുകളിലെ റൊട്ടിയും ദാലും മരുഭൂമിയിലെ ആടുജീവിതവും നയിക്കുന്നവരും കുടുംബ രക്ഷയൊന്നോര്‍ത്ത്മാത്രം അറബി വീടുകളില്‍ അടിമയെപ്പോലെ കഴിയുന്ന ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമൊന്നും ഇവര്‍ക്കുമുന്നിലെത്താന്‍ ആരും അനുവദിക്കാറില്ല. പുത്തന്‍പണക്കാരുടെ കൂട്ടായ്മകള്‍ ഓണവും വിഷുവും ബക്രീദും കുടുംബത്തോടൊപ്പം ഹോട്ടലുകളിലും വില്ലകളിലും ആഘോഷമാക്കുമ്പോഴും കഫ്തീരിയയിലെ കുശ്‌നിയിലും കടലിടുക്കില്‍ മത്സ്യബന്ധന ബോട്ടിലും മലമടക്കിലും മണല്‍ക്കാടുകളിലും ഉരുകിയൊലിക്കുന്നവര്‍ മഹാഭൂരിപക്ഷമാണ്.

മഹാമാരിയുടെ തുടക്കംതൊട്ടേ അതിര്‍ത്തികളടച്ചും സര്‍വമേഖലയിലേയും ഗതാഗതം തടഞ്ഞും ജോലിസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും ഗള്‍ഫ് മേഖല ഒന്നടങ്കം രോഗത്തെ പ്രതിരോധിച്ചപ്പോള്‍ ഷെയര്‍ റൂമുകളിലെയും ലേബര്‍ക്യാമ്പുകളിലെയും ഒറ്റക്കട്ടിലില്‍ വിശപ്പ്തീരെ ആഹാരം കഴിക്കാനില്ലാതെ മാസങ്ങള്‍ തള്ളിനീക്കേണ്ടിവന്ന പ്രവാസിയുടെ നൊമ്പരവും ഭൂമിയിലെ മാലാഖമാരായി ആശുപത്രിയുടെ അകത്തളങ്ങളില്‍ വിശ്രമമില്ലാതെ ഭക്ഷണത്തിനോ വെള്ളത്തിനോ സമയക്രമമില്ലാത്തവിധം സംരക്ഷണ കവചത്തിനുള്ളില്‍ നീണ്ട മണിക്കൂറുകള്‍ നില്‍ക്കേണ്ടിവന്ന ആരോഗ്യമേഖലയിലെ സിംഹഭാഗം വരുന്നവരുടെ യാതനയും കരളലിയിക്കുന്നതായിരുന്നു.

ഇല്ലായ്മകളിലും സന്തോഷം വിളമ്പി ജീവിക്കാന്‍ ശീലിച്ച പ്രവാസിയെ കോവിഡ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തിരിക്കുന്നു. കുടുംബങ്ങള്‍ ദാരിദ്ര്യത്തിന്റെയും ബാധ്യതകളുടെയും പിടിയിലമര്‍ന്നു. യാത്രാവിലക്കില്‍ കുരുങ്ങി വിസാകാലാവധി തീര്‍ന്ന് പലര്‍ക്കും ജോലിനഷ്ടപ്പെട്ടു. സാമ്പത്തിക നഷ്ടത്താല്‍ പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടു. ശേഷിക്കുന്നവരുടെ ശമ്പളം വെട്ടിച്ചുരുക്കി. കോവിഡിന്റെ തുടക്കത്തില്‍ നാട്ടിലെത്തിയ പലര്‍ക്കും തിരികെപ്പോകാന്‍ കഴിയാത്തവിധം യാത്രാമാര്‍ഗമടയ്ക്കപ്പെട്ടു. ദശാബ്ദങ്ങള്‍ക്കുമുമ്പ് കേരളീയ പ്രവാസികളുടെ ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ രൂപംകൊടുത്ത നോര്‍ക്കയെന്ന സംവിധാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവരാണ് പ്രവാസികള്‍. മടക്കമെന്ന ഭാവിയിലെ നാളുകളില്‍ ആശ്വസിക്കാന്‍ സര്‍ക്കാറിന്റെ കൈത്താങ്ങായി നോര്‍ക്കയെ മുന്നില്‍ കണ്ടിരുന്നു. 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസക്കാലയളവില്‍ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ അയ്യായിരം രൂപ സഹായധന പ്രഖ്യാപനം ആശ്വാസമേകിയിരുന്നു. എന്നാല്‍ ഇന്നും അത് പൂര്‍ണമായും ലഭ്യമാക്കാന്‍ നോര്‍ക്കക്കായില്ല. മാത്രമല്ല, ജനുവരിക്ക് മുമ്പായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നാട്ടില്‍ വന്നവരെക്കൂടി ഉള്‍പ്പെടുത്താതിരുന്നത് തികച്ചും അനീതിയാണ്. മൂന്ന് മാസത്തെ ലീവിനായി ഒക്ടോബറില്‍ നാട്ടിലെത്തിയയാളെ യാത്രാനിരോധനം ബാധിച്ചിട്ടുണ്ടെന്നത് പകല്‍പോലെ സത്യമാണ്. രേഖകളുടെ പരിശോധന നടത്തി ഇടപെടലുകള്‍ കാര്യക്ഷമമാക്കേണ്ടതായിരുന്നു. നോര്‍ക്കയുടെ ഇടപെടലുകള്‍ അടിയന്തിരമായി വേണ്ടിയിരുന്ന ഇത്തരം അവസരങ്ങളില്‍, സാഹചര്യത്തിനൊത്തുയരാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒന്നാം പിണറായി സര്‍ക്കാര്‍ അവസാനവേളയില്‍ പ്രവാസി ക്ഷേമ പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കയ്യടി നേടിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായിരുന്നു ഇതെന്ന് രണ്ടാം പിണറായി മന്ത്രിസഭ തെളിയിച്ചു. രണ്ടാം സര്‍ക്കാര്‍ ഇതിനു സ്ഥിരീകരണം നടത്തിയില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട ഒരു സര്‍ക്കുലറും ഇതുവരെ നോര്‍ക്കക്ക് നല്‍കിയിട്ടുമില്ല. ഔദാര്യമായിക്കാണാതെ, അംശാദായം അടയ്ക്കുന്നവന്റെ അവകാശമായി ക്ഷേമ പെന്‍ഷനെ സര്‍ക്കാര്‍ കാണുകയും കാലോചിതമായ വര്‍ധനവ് നടപ്പാക്കുകയും വേണം. സാധാരണയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത്, ക്ഷേമനിധിയില്‍ അംഗത്വമുള്ളൊരാള്‍ നാട്ടിലെത്തി മരണമടഞ്ഞാല്‍, രണ്ടു ലക്ഷം രൂപ നോര്‍ക്ക ധനസഹായം നല്‍കാറുണ്ടായിരുന്നു. ഈ കോവിഡ് കാലയളവില്‍ മാത്രമായി നാനൂറോളം പ്രവാസികള്‍ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. അരക്ഷിതരാവുന്ന ഈ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാന്‍,നാടിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച സമൂഹമെന്ന നിലയില്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്.

മഹാമാരിയുടെ വരവറിയാതെ, അരിഷ്ടിച്ച് മിച്ചം പിടിച്ച തുകകൊണ്ട് വീടുപണി തുടങ്ങിയും പെണ്‍മക്കളെ കെട്ടിച്ചയച്ചും തികച്ചും ശുഭപ്രതീക്ഷയിലായിരുന്ന പ്രവാസികളുടെ തലയില്‍ കോവിഡ് ഇടിത്തീയായി പതിക്കുകയായിരുന്നു. തിരിച്ചടവുകഴിയുമെന്ന പ്രതീക്ഷയില്‍ കിടപ്പാടം പണയപ്പെടുത്തിയെടുത്ത ലോണും വരുമാനത്തിന് വിരാമമിട്ട തൊഴില്‍ നഷ്ടവും പ്രവാസിയെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തി. പ്രവാസി പുനരധിവാസം രേഖയിലൊതുക്കാതെ, പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതിത്തരം സന്ദര്‍ഭങ്ങളിലാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമസ്തമേഖലകളിലും നമ്മുടെ സംസ്ഥാനത്തിന് നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് കേരളത്തിന്റെ സമ്പദ് സിരകളിലൂടെ വിദേശനാണ്യം ഒഴുകിയതൊന്നുകൊണ്ട് മാത്രമാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ക്കും കെട്ടിയുയര്‍ത്തപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ക്കും രോഗം തളര്‍ത്താത്ത ചില ശരീരങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ടാവും. മനസ്സില്‍ മരിക്കാതെ ബാക്കിനില്‍ക്കുന്ന പ്രവാസികളുടെ ദയയുടെയും കാരുണ്യത്തിന്റെയും ചിറകിനടിയില്‍ ജീവിച്ച്‌പോകുന്ന ഒത്തിരി കുടുംബങ്ങള്‍ ചുറ്റിലുമുണ്ട്. ഒപ്പം ഭൂരിഭാഗം സാധാരണക്കാരായ നാടന്‍
തൊഴിലാളികളുടെയും അടുപ്പില്‍ തീയെരിഞ്ഞതും പ്രവാസികളുടെ കരങ്ങളിലൂടെയായിരുന്നെന്നത് ഓര്‍ക്കേണ്ടതുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ 2020ന് മുമ്പ് തുടങ്ങിയ ജോലി നഷ്ടപ്പെടലും നിര്‍ബന്ധിത അവധിയില്‍ നാട്ടിലെത്തലും ഇപ്പോഴും തുടരുന്നു. വിസാകാലാവധിയോ, ലീവ് കാലാവധിയോ തീരുന്നതിന്മുമ്പ് മടക്കം സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിപ്പോകുന്നവരും അനവധിയാണ്. ഈയൊരു സാഹചര്യത്തില്‍ നേരത്തേ പറഞ്ഞ ധനസഹായ പരിധിയില്‍ ഇവരെക്കൂടി ഉള്‍പെടുത്തുകയും പുതിയ ജോലി സാധ്യതകള്‍ കെണ്ടത്തുന്നതിനായി ഒരു ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പ നല്‍കുവാനും സര്‍ക്കാര്‍ സാഹചര്യമൊരുക്കണം. ഒപ്പം, ജീവിത നിലവാരം മെച്ചപ്പെടുത്താനായി വായ്പകളെടുത്തവരുടെ തുകയ്ക്ക്, കോവിഡ് കാലത്തെ വായ്പാ പലിശയൊഴിവാക്കി തിരിച്ചടവിനുള്ള കാലാവധി നീട്ടിനല്‍കുകയും ചെയ്യണം. കൊറോണയുടെ ആരംഭഘട്ടത്തില്‍ മൂന്നുമാസംമാത്രം മൊറട്ടോറിയം പ്രഖ്യാപിച്ച ബേങ്കുകള്‍ പലിശയും പലിശയുടെ പലിശയും ഈടാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. രണ്ടാം ലോക്ഡൗണില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, തിരിച്ചടവിനായി തിടുക്കം കൂട്ടിയുള്ള ബേങ്കുകളുടെ വിളികള്‍ക്ക് പഞ്ഞമുണ്ടായില്ല. ജീവിതകാലം മുഴുവന്‍ നികുതിദായകരായ പൊതുസമൂഹത്തിന്, ഇത്തരം സന്ദര്‍ഭങ്ങളിലുള്ള സംരക്ഷണവും ദയയും സര്‍ക്കാറില്‍നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാകുമോ? പുരുഷായുസ്സ് മുഴുവന്‍ വിദേശത്തു കഴിയുകയും രാജ്യത്തിനു സാമ്പത്തിക ഭദ്രത നല്‍കുകയും ചെയ്ത വിഭാഗമെന്ന നിലയില്‍ ഇന്നവശതയനുഭവിക്കുന്ന ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തുടരേണ്ടിവരുന്ന പ്രവാസികളുടെ ലഘുവായ്പകള്‍ എഴുതിത്തള്ളാനുള്ള പ്രഖ്യാപനമുണ്ടാവണം.

പ്രയാസങ്ങളുടെ നടുവില്‍ താങ്ങായി ആത്മധൈര്യത്തോടെ പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയിറങ്ങാന്‍ ഇനിയും പ്രവാസികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിയാന്‍ വലിയ താമസമുണ്ടാവില്ല. അര്‍ഹമായ അംഗീകാരവും കരുതലും നല്‍കി സര്‍ക്കാര്‍ തങ്ങളോടൊപ്പമുണ്ടെന്ന ബോധ്യമവര്‍ക്കുണ്ടാവണം. പ്രളയമെന്ന മഹാദുരന്തത്തിന് മുന്നില്‍ കൊച്ചുകേരളം പകച്ചുനിന്നപ്പേള്‍, സാന്ത്വനവും സഹായവുമായി ആദ്യമെത്തിയതും അതിജീവനത്തിന് കൈത്താങ്ങായി നിന്നതും പ്രവാസി സമൂഹമായിരുന്നു. സഹതാപമല്ല, സഹായമാണ് പ്രവാസികള്‍ക്ക്‌ വേണ്ടത്.

 

 

Test User: