ന്യൂഡല്‍ഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ കോവിഡ് പരിശോധനാ ഫലം അടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് ഉടന്‍തന്നെ കോവിന്‍ സൈറ്റ് വഴി ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ് ശര്‍മ്മ പറഞ്ഞു. പ്രവാസികള്‍ക്കും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ആശ്വാസകരമാകുന്നതാണ് തീരുമാനം. ദീര്‍ഘനാളത്തെ ആവശ്യം കൂടിയാണിത്.
നിലവില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ചില സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശ യാത്രക്കും വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസ് ലഭിക്കാന്‍ കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. വാക്‌സിന്‍ പരിശോധനാ ഫലം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുകയാണ് നിലവിലെ മാര്‍ഗം.
യാത്രക്ക് മുമ്പുള്ള 72 മുതല്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ ഫലം തന്നെ വേണം എന്നുള്ളതിനാല്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിജിറ്റല്‍ സിഗ്നേച്ചറോടു കൂടിയ കോവിഡ് പരിശോധനാ ഫലം വെബ്‌സൈറ്റില്‍ തത്സമയം അപ്്‌ലോഡ് ചെയ്താല്‍ യാത്രക്കാര്‍ക്ക് എവിടെവച്ചും ഇത് ഡൗണ്‍ലോഡ് ചെയ്യാനാകും എന്നതിനാല്‍ വലിയ ആശ്വാസമായിരിക്കും ഇതിലൂടെ ലഭിക്കുക.
രാജ്യാന്തര യാത്രകളില്‍ ഉള്‍പ്പെടെ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കോവിഡ് പരിശോധനാ ഫലം വെബ്‌സൈറ്റിലൂടെ ലഭ്യമാക്കണമെന്ന ആവശ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നല്‍ ഇപ്പോഴാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായത്. അതേസമയം പല രാജ്യങ്ങളും കോവിന്‍ സൈറ്റിനെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ആയി അംഗീകരിച്ചിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു. ഇത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ആയി അംഗീകരിക്കുന്നതിനുള്ള രാജ്യാന്തര ഉടമ്പടിക്കായി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇത് ഫലവത്തായിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു. വാക്‌സിന്‍ പാസ്‌പോര്‍്ട്ട് അംഗീകാരത്തിനുള്ള ഉഭയകക്ഷി ശ്രമങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലും രാജ്യം നമ്മുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ അവരുടേത് നമ്മളും സ്വീകരിക്കുമെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.