X

ടോക്കിയോ ഒളിംപിക്‌സ് ; 119 ല്‍ എത്ര മെഡല്‍

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ടോക്കിയോ ഒളിംപിക്‌സിന് പുറപ്പെടുമ്പോള്‍ മെഡലുകള്‍ ആരെല്ലാം നേടും…? 228 പേര്‍ ഉള്‍പ്പെടുന്ന വലിയ സംഘമാണ് ഇത്തവണ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ 119 പേര്‍ മാത്രമാണ് കായിക താരങ്ങള്‍. ബാക്കിയെല്ലാവരും സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഗ്രൂപ്പ് ഗണത്തിലുള്ള പതിവുകാര്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ മല്‍സരിക്കുന്ന സൗരവ് ചൗധരി, സൗരവിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മല്‍സരിക്കുന്ന മനു ഭാക്കര്‍, ഇതേ ഇനത്തില്‍ തന്നെ മല്‍സരിക്കുന്ന ദിവനേഷ് പന്‍വാര്‍-ഇലവനില്‍ വലരിവന്‍, യശ്വനി ദേശ്വാള്‍-അഭിഷേക് വര്‍മ, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ മല്‍സരിക്കുന്ന നീരജ് ചോപ്ര, വനിതകളുടെ ഭാരോദ്വഹനത്തില്‍ മല്‍സരിക്കുന്ന മിരാ ഭായി ചാനു, പുരുഷ ഗുസ്തിയില്‍ മല്‍സരിക്കുന്ന രവി ദാഹിയ, പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ മല്‍സരിക്കുന്ന ബജ്‌രംഗ് പുനിയ, വനിതകളില്‍ ഇതേ വിഭാഗത്തില്‍ മല്‍സരിക്കുന്ന വിനേഷ് പോഗാട്ട്, വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മല്‍സരിക്കുന്ന പി.വി സിന്ധു, പുരുഷന്മാരുടെ ബോക്‌സിംഗില്‍ കളിക്കുന്ന അമിത് പന്‍ഗാല്‍ എന്നിവരാണ് മെഡല്‍ പ്രതീക്ഷകള്‍. കഴിഞ്ഞ രണ്ട് വര്‍ഷം ഷൂട്ടിംഗ് വേദികളില്‍ മികവ് പ്രകടിപ്പിക്കുന്ന താരമാണ് സൗരവ്. പങ്കെടുത്ത അഞ്ച് ലോകകപ്പുകളിലും മെഡല്‍ വേദിയില്‍ എത്തിയ താരം. ഫൈനലുകളിലെ സ്ഥിരം സാന്നിദ്ദ്യമായ 19 കാരന്‍ ഇത്തവണ ഇന്ത്യക്ക് സ്വര്‍ണം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പരുക്ക് കാരണം 2019 ല്‍ പുറത്തിരുന്ന ജാവലിന്‍ താരം നീരജ് ഇത്തവണ അപാര ഫോമിലാണ്. 85 മീറ്റര്‍ സുന്ദരമായി ജാവലിന്‍ എറിയുന്ന നീരജിന് തന്റെ പഴ്‌സണല്‍ ബെസ്റ്റായ 88.07 മീറ്റര്‍ പിന്നിടാനായാല്‍ ഫൈനല്‍ ഉറപ്പിക്കാം. 49 കിലോഗ്രാം വിഭാഗത്തില്‍ മിരാ ഭായി ചാനു സമീപകാലത്തില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. 2000 ത്തിലെ ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ വെയ്റ്റ് ലിഫ്ടര്‍മാര്‍ക്ക് മെഡലുകളില്ല. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ സ്പാനിഷ് താരം കരോലിന മാരിന് മുന്നില്‍ ഫൈനലില്‍ തോറ്റ് വെള്ളി മെഡലിലേക്ക് വന്ന പി.വി സിന്ധു വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയാണ്.

Test User: