X

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരക്ക് എതിരെ പോലീസ് കേസെടുത്തു.ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍,ഫോറസ്റ്റര്‍ അനില്‍ കുമാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസ്. പട്ടിക ജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു.

ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ഇവര്‍ക്കെതിരെ സരുണ്‍ എസ് സി എസ് ടി കമ്മീഷന് പരാതി നല്‍കിയിരുന്നു. കുമളിയില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് മാവോജി പൊലീസിനോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് നടപടി. തുടര്‍നടപടികള്‍ സംബന്ധിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തി വരികയാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്ന് വനംമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Test User: