കൊച്ചി: കോവിഡ് പോസിറ്റിവാകുന്ന അഭിഭാഷകര്‍, ഗുമസ്തന്‍മാര്‍, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, ജുഡീഷ്യല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നതിനു കമ്മിറ്റി രൂപീകരിക്കുന്നതിനു ഹൈക്കോടതി നിര്‍ദ്ദേശം. പകര്‍ച്ച വ്യാധിയുടെ കാലഘട്ടത്തില്‍ അതീവ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് അത്യാവശ്യ സേവനം ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
ഓരോ കോടതി സമുച്ചയങ്ങളിലെയും മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും ജില്ലാ ജഡ്ജിമാര്‍ക്കും കോവിഡ് പോസിറ്റിവായവരെ സംബന്ധിച്ചു വിവരങ്ങള്‍ കൈമാറുന്നതിനു നിര്‍ദ്ദേശം നല്‍കണം. ജില്ലാജഡ്ജിയും ഒന്നോ രണ്ടോ അഡീ.ജില്ലാ ജഡ്ജിമാരും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജീവനക്കാരുടെ പ്രതിനിധിയുമടങ്ങുന്ന കമ്മിറ്റികള്‍ രൂപീകരിക്കണം.
കൂടാതെ ജില്ലാ കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി/ പ്രസിഡന്റിനെയും ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റിവാണെന്നു വിവരം കിട്ടിയാല്‍ ജില്ലാ ജഡ്ജി ഇടപെട്ടു ജില്ലാ മെഡിക്കല്‍ ഓഫിസറെ ബന്ധപ്പെടുകയും ആവശ്യമായ ചികില്‍സാ സഹായമെത്തിക്കുകയും വേണം. ഈ കമ്മിറ്റി ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഗുരുതര സാഹചര്യമുണ്ടായാല്‍ ഇടപെടണം. അഭിഭാഷകരോ അഭിഭാഷക ഗുമസ്തന്‍മാരോ കോവിഡ് പോസിറ്റിവായാല്‍ ഇക്കാര്യം കമ്മിറ്റി മുമ്പാകെ അറിയിക്കുകയു സഹായമെത്തിക്കുകയും ചെയ്യണം.