X

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ്

മലപ്പുറം:ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആനുകൂല്യം മുസ്ലിം സമുദായത്തിന് വേണ്ടിയായിരുന്നു. അത് പിന്നീട് ന്യൂനപക്ഷ ക്ഷേമമാക്കി അട്ടിമറിച്ചത് എല്‍ഡിഎഫ് ആണ്. യുഡിഎഫ് ആണ് 80:20 ആനുപാതം കൊണ്ട് വന്നതെന്ന പ്രചാരണം തെറ്റാണ്.

2011ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്താണ് ഈ അനുപാതത്തില്‍ ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നത്. ഒരു സമുദായതിനും ആനുകൂല്യം നല്‍കുന്നതിന് ലീഗ് എതിരല്ലെന്നും ഏതെങ്കിലും സമുദായത്തിന്റെ ആനുകൂല്യത്തില്‍ നിന്നെടുത്തു മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ എതിര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

സച്ചാര്‍ കമ്മിഷനെ പാലോളി കമ്മിഷനെന്ന് പേരു മാറ്റി രാഷ്ട്രീയമായി മുതലെടുക്കാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. പാലോളി കമ്മിഷനാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയ 80:20 അനുപാതത്തിന്റെ ഉത്തരവിന് കാരണം. 2011ലെ ഉത്തരവ് അനുസരിച്ചാണ് കോടതി വിധി. 80:20 എന്ന സ്‌കീമില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് കുറഞ്ഞുപോയി എന്ന ചോദ്യം എല്‍.ഡി.എഫ് സര്‍ക്കാറിന് വന്ന പിഴവാണ്.

മുസ്ലിം ന്യൂനപക്ഷത്തിന് നല്‍കിയ സ്‌കീം ഭേദഗതി ചെയ്ത എല്‍.ഡി.എഫാണ് ഇതിലെ കുറ്റക്കാര്‍. യു.ഡി.എഫാണ് ഇതിനു പിന്നിലെന്നു പറഞ്ഞ് വോട്ട് വാങ്ങി കാമ്പയിന്‍ ചെയ്യുകയാണ് എല്‍.ഡി.എഫ് ചെയ്തത്. വര്‍ഗീയ പ്രചാരണങ്ങള്‍ നടന്നപ്പോള്‍ സത്യം പറയാന്‍ ഇടതുപക്ഷം തയ്യാറായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിം ക്ഷേമത്തിനു വേണ്ടിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. 30-01-2011നാണ് ഉത്തരവ് വന്നത്. അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണിത്. മുന്നോക്കക്കാര്‍ക്കും ക്രിസ്തീയ ന്യൂനപക്ഷത്തിനും അവകാശപ്പെട്ടത് നല്‍കണം. എന്നാല്‍ മുസ്ലിംകള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട അവകാശങ്ങളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തിയതാണ് അബദ്ധമായത്. ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടെ സാമൂഹിക സ്ഥിതി പരിശോധിച്ച് നടപ്പാക്കിയ സ്‌കീമുകളില്‍ മറ്റാരും അവകാശം ഉന്നയിക്കില്ല. ട്രെയിനിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്നത് എല്‍.ഡി.എഫ് മൈനോരിറ്റി യൂത്ത് എന്ന് തിരുത്തി. ഇങ്ങനെയൊരു അബദ്ധം ചെയ്തിട്ട് യു.ഡി.എഫിന്റെ തലയിലിട്ട് തെറ്റിദ്ധാരണ പരത്താനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. മുസ്ലിംകള്‍ എന്തൊക്കെയോ പിടിച്ചുവാങ്ങി എന്ന രീതിയില്‍ പ്രചാരണം നടത്തിയപ്പോള്‍ മിണ്ടാതിരുന്ന ജലീല്‍ പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്നതായും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു.

 

Test User: