ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നതിന് നല്‍കിയിരുന്ന ഇന്‍സെന്റിവ് വെട്ടിക്കുറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് 50 രൂപ നല്‍കിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ തീരുമാനം. ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്താണ് ശാരീരികമായ അവശത അനുഭവിക്കുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന നടപടി തുടങ്ങിയത്.
സഹകരണ സംഘങ്ങള്‍ വഴിയായിരുന്നു ഈ തുക വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നുമാസം തോറുമായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിച്ചിരുന്നത്. അതിനാണ് 50 രൂപ അനുവദിച്ചിരുന്നത്. ഇതില്‍ 40 രൂപ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താവിന് കൈമാറുന്ന ഏജന്റിനും 10 രൂപ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്കുമായിരുന്നു ലഭിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ഏജന്റിന് 25 രൂപയും സഹകരണ സംഘത്തിനും അഞ്ചു രൂപയും ലഭിക്കും. ഉത്തരവിന് 2021 നവംബര്‍ 21 മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്. 2021 നവംബര്‍ മുതല്‍ ഇന്‍സെന്റീവ് കുടിശ്ശികയായിരുന്നു. കുടിശ്ശിക തുക നല്‍കണമെന്നാവശ്യപ്പെട്ട് ഏജന്റുമാരും സഹകരണ സംഘങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.