വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ വീടുകളിലെത്തി കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതല്‍ വേണ്ട സന്ദര്‍ഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാര്‍ഡ് തിങ്കളാഴ്ചക്കുള്ളില്‍ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവ്.
കെ.ബി.പി.എസ് അച്ചടിച്ച ആശംസാ കാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും പ്രധാന അധ്യാപകര്‍ വാങ്ങി അധ്യാപകര്‍ മുഖേനെയാണ് കൈമാറേണ്ടത്. കൊവിഡ് ഡ്യൂട്ടിക്കും സ്‌കൂള്‍ പ്രവേശനത്തിനുമുള്ള നടപടികള്‍ തുടങ്ങുന്നതിനുമിടയില്‍ പുതിയ നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിലും മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് വിതരണം ചര്‍ച്ച ചെയ്തില്ലെന്നും പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.