X

ഹെഡ്മാസ്റ്റര്‍ പ്രിന്‍സിപ്പലായാല്‍ ക്ലാസെടുക്കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍ നിയമനം വീണ്ടും വിവാദത്തിലേക്ക്. ഒരു ദിവസം പോലും ഹയര്‍ സെക്കണ്ടറി അധ്യാപന പരിചയമില്ലാത്ത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കുന്ന രീതിക്കെതിരെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രബ്യൂണലിന്റെ വിധിയുണ്ടായിട്ടും അധ്യാപകര്‍ക്കനുകൂലമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിലവില്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനായി പരിഗണിക്കപ്പെടുന്ന ഹെഡ്മാസ്റ്റര്‍മാര്‍ ക്ലാസെടുക്കേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നു. 2:1 അനുപാതത്തില്‍ നിയമനം കിട്ടുന്ന ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ ക്ലാസെടുക്കണം. പ്രിന്‍സിപ്പലാവുന്നത് എച്ച് എം ആണെങ്കില്‍ അധ്യാപന തസ്തികയുടെ അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ വിരോധാഭാസത്തിനെതിരെ അമര്‍ഷം ശക്തമാവുകയാണ്.

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി സീനിയര്‍ അദ്ധ്യാപകരില്‍ നിന്നും ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും യഥാക്രമം 2:1 അനുപാതത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ നടത്തണമെന്നാണ് ചട്ടം. ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകന് പ്രിന്‍സിപ്പല്‍ നിയമനം ലഭിക്കാന്‍ 6 വര്‍ഷത്തെ ഹയര്‍ സെക്കന്ററി സേവനം ഉള്‍പ്പെടെ പന്ത്രണ്ട് വര്‍ഷം സര്‍വ്വീസ് ഉണ്ടായിരിക്കണം. ഹയര്‍സെക്കണ്ടറിയുടെ പ്രാരംഭഘട്ടത്തില്‍ ആവശ്യമായ സര്‍വ്വിസ് ഉള്ള ഹയര്‍ സെക്കന്റി അദ്ധ്യാപകര്‍ ഇല്ല എന്ന കാരണം കാണിച്ചായിരുന്നു എച്ച് എം ന് പ്രൊമോഷന്‍ നല്കാന്‍ വ്യവസ്ഥ ഉണ്ടാക്കിയിരുന്നത്. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അദ്ധ്യാപന ചുമതല നിര്‍വ്വഹിച്ചു കൊണ്ടുവേണം സ്ഥാപനമേധാവിയായി പ്രവര്‍ത്തിക്കേണ്ടത്.

2016 ജനുവരിയിലാണ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചത്. ഗവണ്‍മെന്റിന് അധിക സാമ്പത്തിക ബാധ്യത വരാതിരിക്കാന്‍ പുതിയ അദ്ധ്യാപക തസ്തിക വര്‍ദ്ധിക്കാത്ത രൂപത്തിലാണ് പ്രിന്‍സിപ്പല്‍ തസ്തിക അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം എച്ച്.എംന് പ്രൊമോഷന്‍ നല്‍കുമ്പോള്‍ പല സ്‌കൂളുകളിലും എച്ച്എം ന്റെ യോഗ്യതയനുസരിച്ചുള്ള വിഷയം ഇല്ലാതെ വരികയോ പ്രസ്തുത വിഷയത്തില്‍ അദ്ധ്യാപകര്‍ നിലവില്‍ ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ പ്രന്‍സിപ്പലായി പ്രൊമോഷന്‍ ലഭിക്കുന്ന എച്ച് എം പഠിപ്പിക്കേണ്ടതില്ല എന്ന വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

Test User: