X
    Categories: MoreViews

സര്‍ക്കാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി വീണ്ടും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാപ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. പ്രളയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഡാമുകള്‍ മുന്നറിയിപ്പുകളില്ലാതെ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മാത്രമാണ് മുന്നറിയിപ്പ് നല്‍കിയത്. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലൊന്നും സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ ആരും അറിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനം തന്നെ വെള്ളത്തില്‍ പോയെന്നും ചെന്നിത്തല പറഞ്ഞു.

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചട്ടങ്ങളനുസരിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കണം, വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളെ കുറിച്ചും ക്യാമ്പുകള്‍ തുറക്കേണ്ട സ്ഥലങ്ങളെ കുറിച്ചും ധാരണയുണ്ടാക്കണം. ക്യാമ്പുകളില്‍ വിതരണം ചെയ്യേണ്ട മരുന്നുകളെ കുറിച്ചുപോലും രൂപരേഖ തയ്യാറാക്കണമെന്നാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പറയുന്നത്. ഇതിനെല്ലാം ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ അതൊന്നും ചെയ്യാതെയാണ് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഡാമുകള്‍ തുറക്കുമ്പാള്‍ ജില്ലയിലെ എം.എല്‍.എമാരേയും എം.പിമാരേയും അറിയിക്കണമെന്നാണ് നിയമം. ഇതൊന്നും ചെയ്തിട്ടില്ല. ഡാമുകള്‍ തുറക്കുന്നതിന്റെ ചുമതലയുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ തസ്തിക തന്നെ ഒഴിഞ്ഞ് കിടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: