X

മഴ കുറഞ്ഞിട്ടും ഡാമുകളിലെ ജലനിരപ്പ് പ്രളയ വര്‍ഷത്തിന് സമാനം

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 42 ശതമാനം മഴ കുറഞ്ഞെങ്കിലും ഡാമുകളിലെ ജലനിരപ്പ് 2018ലെ സമാന നിലയില്‍. പ്രീമണ്‍സൂണ്‍ മഴ സജീവമായതാണ് ഡാമുകളിലെ നീരൊഴുക്ക് കൂട്ടിയതെന്ന് കാലാവസ്ഥ നിരീക്ഷരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ ചൂണ്ടിക്കാട്ടി. മെയ് മാസത്തിലെ ശക്തമായ മഴയാണ് ഡാമുകളില്‍ നീരൊഴുക്ക് വര്‍ധിപ്പിച്ചത്. വേനല്‍ മഴ കൂടിയതിനു പിന്നാലെ ലോക്ക്ഡൗണില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞതും കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലനിരപ്പ് കൂടാന്‍ ഇടയാക്കി.

സാധാരണ മെയ് മാസത്തെ കൂടിയ ചൂട് വൈദ്യുതി ഉപഭോഗം കൂട്ടുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കേരളത്തില്‍ ആദ്യപ്രളയമുണ്ടായ 2018 ജൂലൈ 3ന് വൈദ്യുതി വകുപ്പിന്റെ ജലസംഭരണികളില്‍ 47 ശതമാനം (1964.6 ദശലക്ഷം യൂണിറ്റിനുള്ള വൈദ്യുതി) വെള്ളമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈ 3ലെ കണക്കു പ്രകാരവും ഡാമുകളില്‍ 46 ശതമാനം വെള്ളമുണ്ട്. ഇതുപയോഗിച്ച് 1869.41 ദശലക്ഷം വൈദ്യുതി ഉണ്ടാക്കാം. 2020ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള ജലനിരപ്പ് ഇരട്ടിയിലധികമാണ്. 2020 ജൂലൈ മൂന്നിന് 915.14 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് സംഭരിക്കപ്പെട്ടിരുന്നത്.

കെഎസ്ഇബിയുടെ മൊത്തം സംഭരണികളുടെ പകുതിയിലധികം വെള്ളം ഉള്‍ക്കൊള്ളുന്ന ഇടുക്കി ഡാം ജൂണില്‍ മഴ കുറഞ്ഞിട്ടും പകുതി നിറഞ്ഞു. വേനല്‍ മഴ സജീവമായതോടെ മെയ് ഒന്നു മുതല്‍ 31 വരെ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി വെള്ളമാണ് ഡാാമുകളില്‍ ഒഴുകിയെത്തിയത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കമാസമായ ജൂണില്‍ 34 ശതമാനം മഴക്കുറവാണുണ്ടായത്. കഴിഞ്ഞ 15 മുതല്‍ 18 വരെ തീയതികളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പേ മേയില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്തിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ രുപംകൊണ്ട ചുഴലിക്കാറ്റുകളായിരുന്നു മേയില്‍ ശക്തമായ മഴയ്ക്കിടയാക്കിയത്. എന്നാല്‍, ചുഴലിക്കാറ്റൊഴിഞ്ഞതോടെ മഴയും കുറഞ്ഞു. കോട്ടയം, പത്തനം തിട്ട ജില്ലകളിലാണ് ജൂണില്‍ സാധാരണ മഴ ലഭിച്ചത്.

Test User: