ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍, പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. നടിയുടെ വാദം അംഗീകരിച്ച് ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് സാക്ഷിവിസതാരത്തില്‍ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്ന് വ്യക്തമാക്കി. 32 സാക്ഷികളെയും വിസ്തരിച്ച് വിചാരണ നടപടി വേഗം പൂര്‍ത്തിയാക്കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി.