കടയെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു; മകനെ വണ്ടിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം.പ്രതി ഉള്‍പ്പെടെ മൂന്നു പേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.
തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ വര്‍ക്കലക്ക് സമീപം താഴെവെട്ടൂര്‍ ചുമടുതാങ്ങി ജങ്ഷനിലാണ് ആക്രമണം നടന്നത്. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയമകന്‍ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, ആക്രമണം നടത്തിയ ശിഹാബുദ്ദീന്‍ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിനിരയായവരും ആക്രമിച്ചയാളും ബന്ധുക്കളാണ്.ചുമടുതാങ്ങി ജങ്ഷനില്‍ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. ഇതില്‍ റംസീന ബീവിയുടെ വസ്തുവിലുള്ള ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറിക്കടയുടെ മുന്‍ഭാഗം റോഡിലേക്ക് തള്ളി നില്‍ക്കുന്നു എന്നാരോപിച്ച് തൊട്ടടുത്ത കടയുടമ നഗരസഭയില്‍ പരാതി നല്‍കിയിരുന്നു.
നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കട അടക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ഈ കട മറ്റൊരാള്‍ക്ക് വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചക്കിടെ മദ്യപിച്ചെത്തിയ ശിഹാബുദ്ദീന്‍ റംസീന ബീവിയുമായി വക്കേറ്റവും തര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് റംസീന ബീവിയുടെ മൂത്ത മകന്‍ ഉല്ലാസും ശിഹാബുദ്ദീനും വാക്കേറ്റമുണ്ടാക്കി. ശിഹാബുദ്ദീന് വാക്കേറ്റത്തിനിടയില്‍ അടിയേറ്റു. ഇതിനെ തുടര്‍ന്ന് ശിഹാബുദ്ദീന്‍ ഒരു സുഹൃത്തിനെയും കൂട്ടി റംസീനബീവിയുടെ വീടിന് മുന്നില്‍ ഒമ്‌നി വാനിലെത്തി. ഇവിടെയും ശിഹാബുദ്ദീനും ഉല്ലാസുമായി വക്കേറ്റവും കൈയേറ്റവുമുണ്ടായി.
ഈ സമയം വാനില്‍ കരുതിയിരുന്ന വാള് കൊണ്ട് ശിഹാബുദ്ദീന്‍ ഉല്ലാസിനെ വെട്ടിയത് റംസീനബീവി തടയുമ്‌ബോഴാണ് റംസീനബീവിയുടെ കൈക്ക് വെട്ടേറ്റത്. മാതാവിനെ ശിഹാബുദ്ദീന്‍ വെട്ടിയതറിഞ്ഞ് ഇളയ മകന്‍ ഷംനാദ് സംഭവ സ്ഥലത്തെത്തി. ഈ സമയം ശിഹാബുദ്ദീനും കൂടെയുണ്ടായിരുന്നസുഹൃത്തും കൂടി ഒമ്‌നി വാനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന ഷംനാദിനെ ശിഹാബുദ്ദീന്‍ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഷംനാദിനെ ഇടിച്ചശേഷം വാന്‍ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.തലക്ക് ഗുരുതര പരിക്കേറ്റ ഷംനാദ് അതി ഗുരുതരാവസ്ഥയിലാണ്. റംസീനയുടെ കൈയില്‍ വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാന്‍ മതിലിലിടിച്ചതിന്റെ ആഘാതത്തിലാകാം ശിഹാബുദ്ദീന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ഇയാള്‍ ആശുപത്രിയിലും പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി.