ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചര്‍ച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്‍ തീരുമാനമെടുക്കാം. വിവാദങ്ങള്‍ പരിഹരിക്കാനുള്ള ശേഷി സിപിഎം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു. ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുമ്ബില്‍ എത്തിയിട്ടില്ല. ഗവര്‍ണറുടെ ബില്ലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നതെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തില്‍ പ്രതികരിക്കാതെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു.ജയരാജന്‍ വിഷയം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനാണ് ‘ഡല്‍ഹിയില്‍ തണുപ്പ് എങ്ങനെയുണ്ട്’ എന്ന് നേര്‍ത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരോട് വ്യക്തമാക്കുകയും ചെയ്തു.