X

എഞ്ചിനിയറിംഗ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് നിര്‍ദേശം

 

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശനത്തിന്, പ്ലസ്ടു മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ നിര്‍ദേശം. പകരം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്കു ലഭിക്കുന്ന സ്‌കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കമെന്നാണ് നിര്‍ദേശം.

മുന്‍കാലങ്ങളില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പ്ലസ് ടുവോ അതിനു തുല്യമായ പരീക്ഷകളിലെയോ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ മൂന്നു വിഷയങ്ങളിലെ മാര്‍ക്ക് കൂടി പരിഗണിച്ചായിരുന്നു റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ ഉള്‍പ്പെടെ പല ബോര്‍ഡുകളും 12-ാം ക്ലാസ് പരീക്ഷദ്ദാക്കി.

ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കിയത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് സര്‍ക്കാര്‍ നിലപാട്. സി.ബി.എസ്.ഇയും ഐ.എസ്.സിയും ഏതു രീതിയിലാണ് ഇത്തവണ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കണക്കാക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിന്റെ മാര്‍ഗരേഖ പുറത്തു വരികയും അതു കേന്ദ്രവും കോടതിയും അംഗീകരിക്കുകയും ചെയ്തശേഷം തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Test User: