X

വൈദ്യുതി സ്മാര്‍ട്ട്മീറ്റര്‍: ഒന്നാംഘട്ടം ഈമാസം പൂര്‍ത്തിയാക്കണമെന്ന് ഊര്‍ജ മന്ത്രാലയം

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്‌ഇബിക്ക് നല്‍കിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്ന് ഊര്‍ജ മന്ത്രാലയം.പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

വിതരണ നഷ്ടം കുറയ്ക്കാനും ആധുനിക വത്കരണത്തിനും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുമായി ഉദ്ദേശം 12,200 കോടിരൂപയുടെ കേന്ദ്രാനുമതിയാണ് കേരളത്തിനുള്ളത്.വിതരണ രംഗത്തെ നഷ്ടം നികത്താനായി മാത്രം 2235.78 കോടിയുടെ അനുമതിയുണ്ട്.വിതരണ ശൃംഖല പുനസംഘടനാ പദ്ധതി പ്രകാരം ഇതില്‍ 60 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കും.ഗ്രാന്‍ഡിന്‍റെ ആദ്യ ഗഡു ലഭിക്കണമെങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവൃത്തികളുടെ ഒന്നാം ഘട്ടം ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തിയാക്കണം എന്നാണ് ഊര്‍ജ്ജമന്ത്രാലയം പറയുന്നത്.

ഇല്ലെങ്കില്‍ മുന്‍കൂര്‍ ആയി ലഭിച്ച 67 കോടി രൂപ തിരിച്ച്‌ നല്‍കേണ്ടി വരും. വൈദ്യുതി വിതരണ മേഖലയിലെ നവീകരണത്തിനടക്കമുള്ള ബാക്കി തുകയും തടസ്സപ്പെടും.എന്നാല്‍ ഉപഭോക്താക്കള്‍ക്കുമേല്‍ 9,000 കോടി രൂപയുടെ അധിക ഭാരംകൊണ്ടുവരുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലെ നിലവിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സിഐടിയു അടക്കം കെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകളുടെ നിലപാട്.

Test User: