ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇ ഡി യുടെ കസ്റ്റഡിയില്‍ വിട്ടു.അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് എറണാകുളം സിബിഐ കോടതിയുടെ നടപടി. ആറ് പ്രതികളുള്ള കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍. കേസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
വൈകിട്ട് നാലരയോടെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ചില മാനദണ്ഡങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ വൈദ്യസഹായം നല്‍കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍