ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്ക് വിളിച്ചപ്പോള്‍ നല്കിയ മറുപടി വൈറല്‍. ഇന്നലെ വൈകിട്ടോടെയാണ് ഇ ബുള്‍ ജെറ്റ് ഫാന്‍സ് എന്ന പേരില്‍ പെരുമ്പാവൂരില്‍ നിന്ന് താരത്തെ വിളിച്ചപ്പോഴാണ് താരം ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്.
പ്രശ്നത്തെക്കുറിച്ച് ആദ്യം സംസാരിച്ചപ്പോള്‍ അറിയില്ല എന്ന് പറയുകയും പിന്നീട് ഇത് കേരളത്തിലാണോ എന്ന് ചോദിക്കുകയും ചെയ്ത താരം പിന്നീട് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാനും ഗതാഗത മന്ത്രിയുമായി ബന്ധപ്പെടാനും ആണ് ആദ്യം ആവശ്യപ്പെട്ടത്.
താങ്കള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് മറുപുറത്ത് നിന്ന് ചോദിച്ചപ്പോഴാണ് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല എന്നും ഞാന്‍ ചാണകം അല്ലേ… ചാണകം എന്ന് കേട്ടാലേ ചിലര്‍ക്ക് അലര്‍ജി അല്ലേ… എന്ന വൈകാരികമായ മറുപടിയാണ് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി നടത്തിയത്.
കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ തരംഗമായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ അവരെ കസ്റ്റഡിയിലെടുക്കുന്നതും. നിലവില്‍ പല വകുപ്പുകളിലായി ഏഴോളം കേസുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.