X

കോവിഡിന്റെ അടച്ചുപൂട്ടലില്‍ ജീവിതം ലോക് ഡൗണായി ഭിന്നശേഷിക്കാര്‍

കണക്കുകൂട്ടലുകള്‍ തെറ്റി! പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ അധ്യയന വര്‍ഷവും മഴക്കാലവും ഈ വര്‍ഷവും കോവിഡിന്റെ അടച്ചുപൂട്ടലില്‍ ആളനക്കമില്ലാതെ കടന്നു പോകുമ്പോള്‍ പ്രതീക്ഷയറ്റ്, നെഞ്ചിടിപ്പ് കൂടി, വിതുമ്പലോടെ കഴിയുന്ന ഒരു വിഭാഗമുണ്ടിവിടെ. മുച്ചക്ര വാഹനങ്ങളില്‍ ബസ്സ്റ്റാന്റുകളിലും അങ്ങാടികളിലും വിദ്യാലയങ്ങളിലുമൊക്കെയായി ജീവിതം പച്ച പിടിപ്പിച്ചിരുന്ന ഭിന്നശേഷിക്കാരാണിവര്‍. നട്ടെല്ലിനു ക്ഷതമേറ്റും കൈകാലുകള്‍ തളര്‍ന്നുമൊക്കെ വീടകങ്ങളില്‍ തളക്കപ്പെട്ടെങ്കിലും വല്ലതുമൊക്കെ നിര്‍മ്മിച്ച്, മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ച് ഇവിടങ്ങളില്‍ വിറ്റഴിച്ച് കുടുംബം പോറ്റുന്നവരാണിവര്‍. കുട നിര്‍മ്മാണമായിരുന്നു പലരുടെയും പ്രധാന ജീവിത മാര്‍ഗം. കടലാസ് പേന, ഫാന്‍സി സാധനങ്ങള്‍ എന്നിവയും നിര്‍മ്മിച്ചു വില്‍ക്കാറുണ്ട്.

പരസഹായത്താല്‍ ഇരുന്നും കിടന്നും മുച്ചക്ര വാഹനത്തിലിരുന്നുമൊക്കെ, ഏറെ പ്രയാസപ്പെട്ടാണ് നിര്‍മ്മിക്കുക. വിറ്റഴിക്കാന്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവും യാത്രക്കാരും സ്ഥാപനങ്ങളുമെല്ലാം സഹായിക്കും. പക്ഷേ, എല്ലാം നിന്നതോടെ ദുരിതം തന്നെ. മഴക്കാലമാകുമ്പോഴും സ്‌കൂളുകള്‍ തുറക്കുമ്പോഴുമുള്ള കുട വില്‍പ്പനയായിരുന്നു ഓരോ വര്‍ഷവും പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ വര്‍ഷവും പതിവുപോലെ കുടകള്‍ നിര്‍മ്മിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ കുടകള്‍ വിറ്റഴിക്കാനാവാതെ പെട്ടു. പ്രതീക്ഷയോടെ കാത്തിരുന്നു, ഫലമുണ്ടായില്ല. ഇക്കൊല്ലം അതിലേറെ ദുരവസ്ഥ.

ബാങ്കില്‍ നിന്നു ലോണെടുത്തും കടം വാങ്ങിയുമാണ് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയത്. വിറ്റ ശേഷം തിരിച്ചടക്കലാണ് പതിവ്. വില്‍പ്പന നടക്കാത്തതിനാല്‍ കടക്കെണിയിലും വീണിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനല്ലാതെ പ്രത്യേകിച്ച് യാതൊരു സഹായവുമില്ല താനും. സൗജന്യ അരിയിലും കിറ്റുകളിലും തന്നെയാണ് ജീവിതം. കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനും ജീവിതം മുന്നോട്ടു ചലിപ്പിക്കാനും ഇനി പരസഹായം കൂടിയേ കഴിയൂ. കുടുംബാംഗങ്ങള്‍ മുഴുവന്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ചേന്ദമംഗല്ലൂരിലെ ഷമീറിനെപ്പോലുള്ളവരുമുണ്ട്. ഇവരുടെ കാര്യം ഏറെ കഷ്ടമാണ്.
ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് കുടകള്‍ ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുമെന്നും, സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീര്‍ ചേന്ദമംഗല്ലൂര്‍പറഞ്ഞു. മൊബൈല്‍:9645861715

Test User: