X

കേരളത്തെ പിടിച്ചുലച്ച് ഡെല്‍റ്റ വകഭേദം

China, Feb 09 (ANI): Medical workers in protective suits attend to novel coronavirus patients at the intensive care unit (ICU) of a designated hospital in Wuhan, Hubei province, China on Saturday. (REUTERS Photo)

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് നല്‍കിയ ലോക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി. ഡി.സി)യുടെ ആറംഗ സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്കയച്ചിരുന്നത്. ഓണം ഉത്സവത്തോടനുബന്ധിച്ച് അണ്‍ലോക്കിങ് പ്രവര്‍ത്തനങ്ങളും ടൂറിസം മേഖല തുറന്ന് നല്‍കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണ്’ കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കുന്ന എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കിയവര്‍ക്കും ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായതായി സംഘം കണ്ടെത്തിയിരുന്നു. 40,000ത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കേരളത്തില്‍ കോവിഡ് വന്നതായാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചുവെന്ന് സുജിത് സിങ് പറഞ്ഞു.

തങ്ങള്‍ സന്ദര്‍ശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ചിലയിടങ്ങളില്‍ ടി.പി.ആര്‍ വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസുകളില്‍ 80 ശതമാനവും ഡെല്‍റ്റ വകഭേദമാണെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക വഴി കണ്ടെത്തല്‍ വളരെ കുറവാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. 1:1.2 മുതല്‍ 1:1.7 വരെയാണിത്. ആര്‍.ടി വാല്യു ജൂണ്‍ ഒന്നിന് 0.8 ഉണ്ടായിരുന്നത് 1.2 ആയെന്നും അത് ഉയര്‍ന്നുവരികയാണെന്നും കേന്ദ്ര സംഘം പറയുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ വേഗത സൂചിപ്പിക്കുന്നതാണ് ആര്‍.ടി വാല്യു.

നിലവിലെ ആര്‍ടി വാല്യു 1.12 ആണ്. ഈ പ്രവണത അനുസരിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെയുള്ള കാലയളവില്‍ 4.62 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നതായി സുജീത് സിങ് പറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 14 ശതമാനം വരെയും ചിലയിടങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെയുമാണ്. മലപ്പുറത്തും പത്തനംതിട്ടയിലും ഉയര്‍ന്ന ടി.പി.ആര്‍ പ്രവണതയാണുള്ളത്. അതേ സമയം സംസ്ഥാനത്ത് കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു.

സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലെന്നും ഇതിന് ചുറ്റും ബഫര്‍ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. കോവിഡ് പരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ ആശങ്കയുണ്ട്. തെക്കന്‍ ജില്ലകളില്‍ കിടക്ക ഉപയോഗം 40 മുതല്‍ 60 ശതമാനം വരെയാണ്. വടക്കന്‍ ജില്ലകളില്‍ ഇത് 70 മുതല്‍ 90 ശതമാനം വരെയാണ്. കിടക്കകളുടെ കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മലപ്പുറം ജില്ലയിലാണ്.

ഇവിടെ ഐസിയുവിന്റേയും വെന്റിലേറ്ററിന്റേയും ഉപയോഗം 74 മുതല്‍ 85 ശതമാനമാണെന്നും ഡോ.സൂജീത് സിങ് വ്യക്തമാക്കി. കോവിഡ് രോഗികളില്‍ 80 ശതമാനം പേരും ഹോം ഐസൊലേഷനിലാണെന്ന് കേന്ദ്ര സംഘം നിരീക്ഷിച്ചു.
എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയെന്നും സംഘം വ്യക്തമാക്കി. ക്വാറന്റീനും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു.

 

 

Test User: