X

വീട് നഷ്ടമായത് 35000 കുടുംബങ്ങള്‍ക്ക്; മത്സ്യത്തൊഴിലാളികള്‍ പെരുവഴിയില്‍

 

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെ 35,000 കുടുംബങ്ങള്‍ പെരുവഴിയില്‍. ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ കണക്കെടുത്തതിന്റെ രണ്ട് ശതമാനം പേര്‍ മാത്രമാണ് പുനര്‍ഗേഹം പദ്ധതിക്കായി അപേക്ഷ നല്‍കിയത്. പുനര്‍ഗേഹത്തില്‍ 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതിന്റെ രജിസ്റ്റേഷനു മാത്രം ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാകുന്നത്. പ്രായോഗികമല്ലാത്ത പദ്ധതി വേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

ഭവനങ്ങള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാരിന്റെ കണക്കിലുള്ളത് 18,685 കുടുംബങ്ങള്‍ മാത്രമാണ്. തിരുവനന്തപുരം- 3339, കൊല്ലം- 1580, ആലപ്പുഴ-4660, എറണാകുളം- 1618, തൃശൂര്‍- 408, മലപ്പുറം- 1806, കോഴിക്കോട്- 2609, കണ്ണൂര്‍- 1512, കാസര്‍കോട്- 1153 എന്നിങ്ങനെയാണ് ഒന്‍പത് തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ടവരായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് വേലിയേറ്റമേഖലയില്‍ നിന്നും അമ്പത് മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മാത്രം കണക്കാണ്. ഇതില്‍ പെടാത്തവരും വീടുകള്‍ തകര്‍ന്നവരുമായ 16,315 കുടുംബങ്ങളുണ്ട്. ഇവര്‍ സര്‍ക്കാരിന്റെ ഒരു പട്ടികയിലും ഉള്‍പെടുന്നില്ല. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1398 കോടിയും ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്നും 1398 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ ഫണ്ടാകട്ടെ മൂന്നുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ് അനുവദിക്കുക. ഇതനുസരിച്ച് ആദ്യഗഡു ആയി 998.61 കോടിയും രണ്ടാം ഗഡുവായി 796.54 കോടിയും മൂന്നാം ഗഡുവായി 654.85 കോടിയുമാണ് നല്‍കാന്‍ പദ്ധതിയിട്ടത്. അപേക്ഷകര്‍ ഉണ്ടായാല്‍ പോലും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സ്ഥിതിയല്ല. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയില്‍ ഇളവ് ലഭിക്കുന്ന സാഹചര്യമില്ലെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.

തുടര്‍ച്ചായായുണ്ടാകുന്ന ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭവും കാരണം മത്സ്യമേഖയില്‍ പട്ടിണി തുടരുകയാണ്. ടൗട്ട ചുഴലിക്കാറ്റിനു ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായത് 20 ദിവസം മാത്രമാണ്. മത്സ്യബന്ധനത്തിന് പോകരുതെന്നുള്ള നിരന്തരമായ മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കാര്‍, ഇവരുടെ നിത്യജീവിതത്തിന് യാതൊരു സഹായവും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. ഇന്നലെയുള്‍പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കൊച്ചിയില്‍ തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിലെ തീരുമാനം അനുസരിച്ച് കടലില്‍ പോകാന്‍ കഴിയാത്ത ദിവസം 200 രൂപ വെച്ച് നല്‍കാനും ഇതനുസരിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് 1200 രൂപ അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രമാണ് ഈ ആനുകൂല്യം അനുവദിച്ചത്.
ഒരു റേഷന്‍ കാര്‍ഡില്‍ ഒരാള്‍ക്കുമാത്രമേ 1200 രൂപക്ക് അര്‍ഹതയുള്ളൂ. സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മിക്കവരും മത്സ്യബന്ധനം തൊഴിലാളി സ്വീകരിച്ചവരാണ്. മത്സ്യത്തൊഴിലാളികളെ പൂര്‍ണമായി വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിന് ഇളവുണ്ടായാല്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.

 

Test User: