മാവേലിക്കര: വാക്തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒളിവില്‍കഴിഞ്ഞ പ്രതി അറസ്റ്റില്‍. തെക്കേക്കര ഉമ്ബര്‍നാട് ചക്കാല കിഴക്കതില്‍ സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഉമ്ബര്‍നാട് വിഷ്ണുഭവനത്തില്‍ വിനോദിനെയാണ് (50) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.പോനകം ഭാഗത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ ശൗചാലയത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.
ആളില്ലാത്ത വീട്ടില്‍ വിനോദിനെ കണ്ട പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് വിനോദിനെ പിടികൂടിയത്. വിനോദിന്റെ ശരീരത്തില്‍ പരിക്കുള്ളതിനാല്‍ മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. മുള്ളിക്കുളങ്ങര വില്ലേജ് ഓഫിസ് ജങ്ഷനുവടക്ക് കനാല്‍ പാലത്തിനുതാഴെ അശ്വതി ജങ്ഷനിലെ അന്‍പൊലിക്കളത്തിനു സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. വിനോദിന്റെ വീടിനു സമീപം താമസിക്കുന്ന ബന്ധുവിനെ കാണാനെത്തിയ സജേഷ്, ബൈക്ക് വിനോദിന്റെ വീടിനടുത്തുള്ള റോഡില്‍ വെച്ചു. രാത്രി ബൈക്കെടുത്ത് വീട്ടിലേക്കു പോകാനെത്തിയപ്പോള്‍ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വിനോദ് കത്തിയെടുത്തു കുത്തുകയായിരുന്നു. ഇടതു കൈയുടെ പേശിയില്‍ കുത്തേറ്റ സജേഷ് നിലവിളിച്ചുകൊണ്ട് അടുത്തുള്ള കനാല്‍പ്പാലത്തിനു സമീപത്തേക്കോടി. ബഹളം കേട്ടെത്തിയവര്‍ വിനോദിനെ തടഞ്ഞ് കത്തി പിടിച്ചുവാങ്ങി. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നു പോയപ്പോഴാണു രക്തംവാര്‍ന്ന് കനാല്‍ പാലത്തിനുസമീപം കുഴഞ്ഞുവീണ നിലയില്‍ സജേഷിനെ കണ്ടത്.
സജേഷിനെ ആദ്യം മാവേലിക്കര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവത്തിനുശേഷം വിനോദ് ഒളിവില്‍ പോകുകയായിരുന്നു.