തിരുവനന്തപുരം: ഏറെ വിവാദമായ മുട്ടില്‍ മരം മുറിയിലും സംസ്ഥാനത്തുടനീളം നടന്ന കോടികളുടെ വനംകൊള്ളയിലും സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പങ്കിനെ കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വെട്ടിലായി പാര്‍ട്ടി നേതൃത്വം. വനം കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിപക്ഷം പുറത്തുവിട്ടപ്പോള്‍, അതിനൊരു രാഷ്ട്രീയമാനമോ ഭരണതലത്തിലെ സ്വാധീനമോ ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതു കൊണ്ടുതന്നെ വനം, റവന്യൂ വകുപ്പുകളുടെ അന്വേഷണത്തിനു പുറമേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ച് പ്രതിപക്ഷ പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.
എന്നാലിപ്പോള്‍ പിണറായി, ദീപക് ധര്‍മ്മടം, എന്‍.ടി സാജന്‍ എന്നിവര്‍ക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മ്മടം പിണറായിയുടെ അടുപ്പക്കാരനെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അതിന് തെളിവാണ്. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കരനും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെയും ദുരുപയോഗം ചെയ്തതിന് സമാനമാണ് ഇപ്പോള്‍ മരംമുറി കേസില്‍ ദീപക് ധര്‍മ്മടത്തിന്റെ ഇടപെടല്‍ എന്നതാണ് സി.പി.എമ്മിലെ വലയ്ക്കുന്നത്. വിവാദങ്ങള്‍ക്കിടെ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ധര്‍മ്മടം വിഷയം സ്വാഭാവികമായും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെ സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്ന വിവാദമായി ഇത് വളര്‍ന്നേക്കുമെന്നാണ് നേതാക്കളുടെ ഭയം. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുതന്നെ വലിയൊരു വിവാദം ഉയര്‍ന്നുവരുന്നത് ഈ സാഹചര്യത്തില്‍ സി.പി.എമ്മിന് തിരിച്ചടിയാകും.
അതേസമയം ധര്‍മ്മടം ബന്ധം പുറത്തുവന്നതോടെ സി.പി.ഐ ആശ്വാസത്തിലാണ്. മുന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും സി.പി.ഐയുടെയും തലത്തില്‍ എല്ലാ പാപഭാരവും കെട്ടി വെക്കാനുള്ള നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ സി.പി.ഐ നേതൃത്വത്തിന് പ്രതിഷേധമുണ്ടായിരുന്നു. അക്കാര്യം അവര്‍ പരോക്ഷമായെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വനം മന്ത്രി എ.കെ ശശീന്ദ്രന്‍ സി.പി.ഐയെ കുറ്റപ്പെടുത്തിയപ്പോഴും സി.പി.എം നേതൃത്വം വിലക്കിയിയിരുന്നില്ല. റവന്യൂപട്ടയഭൂമിയില്‍ മരംമുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനമായിരുന്നെന്നും ആര്‍ക്കെങ്കിലും അനധികൃതമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അതിന് മുഖ്യമന്ത്രി തന്നെയാണ് ഉത്തരവാദിയെന്നുമാണ് തുടക്കം മുതല്‍ സി.പി.ഐയുടെ നിലപാട്.
മരംമുറിയില്‍ ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ധര്‍മ്മടം ബന്ധം പുറത്തുവന്നത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് മുട്ടില്‍ മരംമുറി കേസില്‍ ബന്ധമുണ്ടെന്ന് ആദ്യായി നിയമസഭയില്‍ വ്യക്തമാക്കിയത് പി.ടി തോമസ് ആയിരുന്നു. അന്ന് പി.ടി തോമസിനോട് ഭരണപക്ഷ എം.എല്‍.എമാര്‍ രൂക്ഷമായി പ്രതികരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാ തെളിവുകളും പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഡി.എഫ്.ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കാര്യങ്ങള്‍ ഒന്നുമറിയാത്ത എ.കെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തുന്നു.
ഏത് ദീപക് ധര്‍മ്മടമായാലും ക്രമക്കേട് കാട്ടിയാല്‍ നടപടി ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം എ.കെ ബാലന്‍ പ്രതികരിച്ചത്. എന്നാല്‍ ദീപക്കിനെതിരെ കേസെടുക്കുകയോ എന്‍.ടി സാജനെ സസ്‌പെന്റ് ചെയ്യണമെന്ന ശിപാര്‍ശ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. എ.കെ ബാലന്‍ ഒഴികെ മറ്റാരും വിഷയത്തില്‍ പ്രതികരിച്ചിട്ടുമല്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട്.