X

കണ്ണൂര്‍ നേതൃത്വം അതിരുകടക്കുന്നു;പി.ജയരാജനും കെ.പി സഹദേവനും സി.പി.എമ്മിന്റെ താക്കീത്

തിരുവനന്തപുരം: കണ്ണൂര്‍ സി.പി.എമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലുയര്‍ന്ന വാക്‌പോരില്‍ പി. ജയരാജനെയും കെ.പി സഹദേവനെയും സംസ്ഥാന നേതൃത്വം താക്കീത് ചെയ്തു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായ പരിധിവിട്ട പെരുമാറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ നടപടി. പാര്‍ട്ടിയുടെ പൊതുമര്യാദക്ക് ചേരുന്നതല്ല ഇരുവരുടെയും പ്രവൃത്തിയെന്നും മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഇരു നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സൈബര്‍ ഇടത്തില്‍ ക്രിമിനല്‍ ബന്ധമുള്ള ചില സഖാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം മുറുകിയത്. ഇതോടെ യോഗം നിര്‍ത്തിവെക്കേണ്ട് അവസ്ഥയുണ്ടായി. ഇത് കണ്ണൂരിലെ പാര്‍ട്ടിയില്‍ വലിയ വിവാദമായി വളരുന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ പടിവാതിക്കല്‍ നില്‍ക്കെ സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ഉടലെടുക്കുന്ന പ്രത്യക്ഷ വിഭാഗീയതക്ക് മുന്‍കൂട്ടി തടയിടുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനും കെ.പി സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്. സോഷ്യല്‍ മീഡിയ വാഴ്ത്തലുകളും പ്രതികളുമായുള്ള പി. ജയരാജന്റെ ബന്ധം സഹദേവന്‍ ഉയര്‍ത്തിയതാണ് വാക്‌പോരില്‍ കലാശിച്ചത്. തര്‍ക്കം സംസ്ഥാന സമിതിയോഗത്തില്‍ ചര്‍ച്ചയായതോടെയാണ് ഇനി ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയത്.

സൈബര്‍ ഇടങ്ങളിലെ ജയരാജഭക്തിക്കെതിരെ സി.പി.എം നേരത്തെ രംഗത്തെത്തിയിരുന്നു. പി.ജെ ആര്‍മിയും സ്തുതിഗീതമായി പുറത്തിറക്കിയ ആല്‍ബം ഗാനവും വിവാദമായിരുന്നു. ജയരാജനു വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്നത് കളങ്കിത വ്യക്തികളാണെന്നാണ് മറുഭാഗത്തിന്റെ പരാതി. ജയരാജനെ പൂര്‍ണമായി ഒതുക്കാനുള്ള നീക്കം കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി കണ്ണൂര്‍ സി.പി.എമ്മിലും സംസ്ഥാന തലത്തിലും നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വേണം താക്കീതിനെ കാണേണ്ടത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നതോടെ വിഭാഗീയത പൂര്‍ണമായി മറനീക്കി പുറത്തുവരാനിടയുണ്ട്.

 

Test User: