കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ കീഴില്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ നിര്‍ദേശം നല്‍കിയാതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്്പറഞ്ഞു.
സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കും മന്ത്രി കൂട്ടി ചേര്‍ത്തു.
കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിയതായും മന്ത്രി പറഞ്ഞു. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല മന്ത്രി കൂട്ടി ചേര്‍ത്തു.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങളും യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നു. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കുന്നതാണന്നും മന്ത്രി പറഞ്ഞു.
കോവിഡ് സ്ഥിതിയും നിയന്ത്രണങ്ങളും തീരുമാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ടും അവലോകനയോഗം ചേരുന്നുണ്ട്.