X

വാക്‌സിനേഷന്‍ പ്രശ്‌നങ്ങള്‍; ലീഗ് എം.പി മാര്‍ കേന്ദ്രമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി , എം. പി. അബ്ദു സ്സമദ് സമദാനി എം. പി എന്നിവര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍ഷുഖ് മന്ദാവ്യയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ വന്‍ തോതിലുള്ള വാക്സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും പല വാക്സിന്‍ വിതരണ കേന്ദ്രങ്ങളും സ്തംഭിച്ചെന്നും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സങ്കീര്‍ണ്ണതകള്‍ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ യാത്ര ചെയ്യാന്‍ കഴിയാത്ത വിധം പ്രയാസത്തിലാണെന്നും അതിന് ഉടനെ പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കഴിയാതെ സൗദിയില്‍ എത്തുന്ന പ്രവാസികള്‍ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണ്. വ്യകതമായ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞു അതിന് പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ക്വോറന്റൈന്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാമായി രുന്നെങ്കില്‍, ഇന്ത്യ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ തവക്കല്‍നാ എന്ന ആപ്പില്‍ സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് വീണ്ടും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ്. മാത്രമല്ല കനത്ത സാമ്പത്തിക ബാധ്യത വരുന്നുമുണ്ട്. കേരളത്തില്‍ നിന്നും വിദേശത്തക്ക് പോകുന്ന ആളുകള്‍ക്ക് രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍, പ്രത്യേക വിഭാഗം എന്ന നിലയില്‍ നല്‍കി വരുന്ന പരിഗണന പ്രകാരം ഇരുപത്തിഎട്ട് ദിവസമാക്കി മാറ്റിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ വരുമെന്നും അവര്‍ക്ക് രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ദൈര്‍ഘ്യം കുറക്കണമെന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നല്‍കിയ ഇളവായിരുന്നു അത്. എന്നാല്‍ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റില്‍ അത് ഉള്‍കൊള്ളാന്‍ കഴിയാത്തതിന്റെ ഫലമായി വന്ന പ്രതിസന്ധിയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇരു സര്‍ക്കാരുകളുടെയും ഉന്നത തലത്തിലുള്ള നയപരമായ ചര്‍ച്ചയിലൂടെ അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കോവാക്സിന് സൗദി പോലുള്ള രാജ്യങ്ങളില്‍ അനുമതി ലഭിക്കാത്തത് കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും എം.പിമാരുടെ സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വളരെ പെട്ടെന്നു ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നു മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി. കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം തന്നെയും അമ്പരപ്പിച്ചുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ സഹായിക്കാന്‍ പരമാവധി ചെയ്യുമെന്ന് അദ്ദേഹം എം.പിമാര്‍ക്ക് ഉറപ്പ് നല്‍കി.

 

Test User: