X

കോവിഡ് പ്രതിസന്ധി: സര്‍ജറി കാത്തിരിക്കുന്നത് മുവ്വായിരത്തോളം രോഗികള്‍

കോവിഡ് പ്രതിസന്ധി കഴിയുന്ന മുറക്ക് സര്‍ജറികള്‍ നടത്തിക്കിട്ടുന്നതിനായി കാത്തിരിക്കുകയാണ് മലബാറിലെ മുവ്വായിരത്തോളം രോഗികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മറ്റു ചികിത്സകള്‍ മുടങ്ങിയതിനാലാണ്് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറികള്‍ക്ക് നടക്കാതെ പോയത്.
മലബാര്‍ പ്രദേശത്തെ ജില്ലകളിലുള്ളവര്‍ക്ക് വിദദ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജാണ് സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്നത്.കോവിഡ് വന്നതോടെ മറ്റ് ചികിത്സകളെല്ലാം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെട്ടു.

സാധാരണയില്‍ ജനറല്‍ സര്‍ജറി 20; അസ്ഥിരോഗ വിഭാഗത്തില്‍ 15; ന്യൂറോ വിഭാഗത്തില്‍ 10 ; ഇ.എന്‍.ടി 15; പ്ലാസ്റ്റിക് സര്‍ജറി 8 ; കാര്‍ഡിയാക് 3 എന്നിങ്ങനെ ദിനംപ്രതി ശസ്ത്രക്രിയകള്‍ നടക്കാറുണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും രോഗികള്‍ക്ക് മാസങ്ങളോളം കഴിഞ്ഞാണ് തിയ്യതി ലഭിച്ചിരുന്നത്. ഹൃദയം; വൃക്ക; കരള്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കും അത്യാസന്ന ‘നിലയിലുള്ളവര്‍ക്കും ശസ്ത്രക്രിയകള്‍ അടക്കമുള്ളവ ചെയ്യുന്നതിന് മെഡിക്കല്‍ കോളേജിലാണ് എത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരക്കാരെല്ലാം നെടുവീര്‍പ്പിട്ട് വീടുകളില്‍ കഴിയുകയാണ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ പതിവു പോലെ നടക്കുന്നില്ല അതിന്റെ മുമ്പ് തന്നെ 2019 ന്റെ ഒടുവിലും 2020 ന്റെ തുടക്കത്തിലുമായി ഏതാനും ആഴ്ചകള്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. ആസ്പത്രിയിലേക്ക് മരുന്നും മറ്റു ഉപകരണങ്ങളും നല്‍കിയ വകയില്‍ കമ്പനികള്‍ക്ക് നല്‍കാനുള്ള പണം കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ വിതരണം നിര്‍ത്തി വെച്ചതിനാലാണ് ആ അവസരത്തില്‍ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണമായത്. പണം ലഭ്യമാവാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയത് കൂടാതെ കോവിഡും കൂടി ആയതോടെ വിഷയം കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെയായി.

നേരത്തേയുള്ളവ പെന്റിങ്ങിലായത് കൂടാതെ പുതിയ കേസുകള്‍ വരികയും ചെയ്തതോടെ എണ്ണം മുവ്വായിരത്തില്‍ അധികമായിരിക്കയാണെന്ന് ഒരു ഡോക്ടര്‍ പ്രതികരിച്ചു. അതിനിടക്ക് കഴിഞ്ഞ ഏപ്രിലില്‍ റിട്ടയര്‍ ചെയ്ത ചില പ്രധാന ഡോക്ടര്‍മാര്‍ സര്‍ജറിക്ക് തിയ്യതി കൊടുത്ത കേസുകളും ഒന്നുമാവാതെ കിടക്കുകയാണ്. വളരെ അത്യാവശ്യമുള്ള കേസുകള്‍ മാത്രമേ നിലവില്‍ ചെയ്യുന്നുള്ളു.ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണെങ്കില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക തിയറ്ററില്‍ വെച്ചാണ് ചെയ്യുന്നത്.അതാഹിതങ്ങള്‍; വാഹന അപകടങ്ങള്‍ തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ മാത്രമേ നടക്കുന്നുള്ളു.സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആസ്പത്രിയിലേക്ക് പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ സര്‍ജറി തിയറ്ററുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ്

 

Test User: