കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും പാനൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അണിയാരം വലിയാണ്ടി പീടികയില്‍ കെ.പി.ഹാഷിമിനെ (48) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെകൂടി ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ എലാങ്കോട് സ്വദേശികളായ മീത്തല്‍ ഹൗസില്‍ എം. പ്രജീഷ് (31), പുതുക്കുടിതാഴെ കുനിയില്‍ എം.പി. ജിഷ്ണു (23) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇന്‍സ്പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം.
വീടിനടുത്തുള്ള കല്യാണവീട്ടില്‍ പോയി തിരിച്ചുവരുമ്ബോള്‍ ഇടവഴിയില്‍വെച്ചായിരുന്നു മാരകായുധങ്ങളുമായെത്തിയ സംഘം ഹാഷിമിനെ ആക്രമിച്ചത്. ഇരുകാലുകള്‍ക്കും കഴുത്തിനും ഗുരുതര പരിക്കുപറ്റിയ ഹാഷിം ഇപ്പോഴും ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നേരത്തേ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.