പി. ഇസ്മായില്‍ വയനാട്
പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ (തടങ്കല്‍ പാളയം) ആരംഭിക്കണമെന്ന് 2019 ല്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിലവിലുള്ള ജയിലുകള്‍ക്കും പൊലീസ് വകുപ്പിന്റെ അധീനതയിലുള്ള ഭൂമിക്കും പുറത്താണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കേണ്ടതെന്നും പൊലീസ് സേനയിലെ എണ്ണ കുറവ് കണക്കിലെടുത്ത് നടത്തിപ്പിന് പ്രത്യേക സംവിധാനം ഏര്‍പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വലിലെ പ്രധാന നിര്‍ദേശങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജയിലുകളില്‍ വിദേശികളുടെ കണക്കെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വാഗ്വാദങ്ങളാണ് സംസ്ഥാനത്ത് നടന്നത്. തടങ്കല്‍ പാളയ വിഷയത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് അന്ന് മുഖ്യമന്ത്രി പിണറായി നടത്തിയത്. ഒരു തടങ്കല്‍ പാളയവും ഈ കേരളത്തില്‍ ഉണ്ടാകില്ല. ജനം സാക്ഷി, നമ്മുടെ നാട് സാക്ഷി, ഈ നാട് സര്‍ക്കാരില്‍ അര്‍പിച്ച ഉത്തരവാദിത്തം ഞങ്ങള്‍ നിറവേറ്റുമെന്ന് നിയമസഭയിലും മലപ്പുറത്ത് ഭരണഘടനാസംരക്ഷണ റാലിയിലും മുഖ്യമന്ത്രി നല്‍കിയ വിഖ്യാത ഉറപ്പാണ് കൊല്ലത്ത് തടങ്കല്‍ പാളയം തുറന്നതിലൂടെ ജലരേഖയായി മാറിയത്.
മൂന്ന് നൈജീരിയക്കാരും ഒരു എല്‍സാല്‍വദോര്‍ പൗരനും ഉള്‍പെടെ നാല് വിദേശികളുടെ ജയില്‍ മോചനവുമായി ബന്ധപെട്ട് ശിക്ഷാകാലാവധി കഴിഞ്ഞവര്‍ക്ക് അവരുടെ നാട്ടില്‍ തിരിച്ചുപോകുന്നതുവരെ ജയിലില്‍ അല്ലാത്ത സ്ഥലത്ത് താമസിപ്പിക്കാന്‍ സൗകര്യം തരപ്പെടുത്തണമെന്ന് ഹൈകോടതി വിധിച്ചിരുന്നു. തടവുകാരുടെ മോചനവുമായി ബന്ധപെട്ടുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് തടങ്കല്‍ പാളയം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതെന്ന വാദത്തിലൂടെ ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈകോടതി വിധി വന്ന് രണ്ട് മാസത്തിന്‌ശേഷം 2020 ഫെബ്രുവരിയില്‍ ചേര്‍ന്ന നിയമസഭാസമ്മേളനത്തിലാണ് കരുതല്‍ പാളയം ആരംഭിക്കില്ലന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണെങ്കില്‍ സാധാരണഗതിയില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉത്തരവില്‍ അത് വ്യക്തമായി പരാമര്‍ശിക്കാറുണ്ട്. തടങ്കല്‍ പാളയം നിര്‍മാണവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുടെ സഹായം തേടി പുറത്തിറക്കിയ വിജ്ഞാനപനത്തിലോ ഉത്തരവിലോ ഒരിടത്തും അത്തരമൊരു പരാമര്‍ശം പോലുമില്ല എന്നതാണ് വാസ്തവം.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശികളെയും പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞ വിദേശികളെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ താല്‍ക്കാലികമായി പാര്‍പ്പിക്കാനുള്ള കേന്ദ്രമാണ് ഡിറ്റക്ഷന്‍ സെന്ററെന്ന് പിണറായി സര്‍ക്കാരിന്റെ പുതിയ ഭാഷ്യം മോദിയില്‍നിന്നും അമിത്ഷായില്‍നിന്നും കടം കൊണ്ടതാണ്. ആഭ്യന്തര മന്ത്രാലയ ഉത്തരവിന് അനുസരിച്ച് പൗരത്വം തെളിയിക്കാന്‍ കഴിയാത്തവരെയും ട്രിബ്യൂണലുകള്‍ വഴി വിദേശികളായി പ്രഖ്യാപിക്കുന്നവരെയും പൗരത്വ നിയമം വഴി സ്വദേശികളെ വിദേശി മുദ്ര ചാര്‍ത്തി കാരാഗ്രഹത്തിലടക്കുന്ന അസം മോഡല്‍ ഡിറ്റന്‍ഷന്‍ സെന്ററാണ് കൊല്ലത്തെ കൊട്ടിയത്തും ആരംഭിച്ചിട്ടുള്ളത്.
പൗരത്വ പ്രക്ഷോഭ കാലത്ത് ന്യൂനപക്ഷ രക്ഷക വേഷം കെട്ടി വോട്ടുകള്‍ പെട്ടിയിലാക്കിയതിനുശേഷമുള്ള മുഖ്യന്റെ മലക്കം മറിച്ചലാണ് അസമിനും കര്‍ണ്ണാടകക്കുംശേഷം ഡിറ്റന്‍ഷന്‍ സെന്ററിനായി സാമൂഹിക നീതി വകുപ്പിന് ചുമതല നല്‍കിയും നടത്തിപ്പിനായി അരക്കോടി രൂപ മാറ്റി വെച്ചതിലും പ്രകടമാവുന്നത്. മോദിയുടെയും അമിത്ഷായുടെയും ഗുഡ് ബുക്കില്‍ ഇടം കിട്ടാന്‍ ആഭ്യന്തര വകുപ്പ് ആര്‍.എസ്.എസിന് കാഴ്ച വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പല ഘട്ടങ്ങളിലായി തുടര്‍ ഭരണത്തിലും പിണറായി നടത്തികൊണ്ടിരിക്കുന്നത്. പൗരത്വ സമര കേസ് പിന്‍വലിക്കലിലെ മനംമാറ്റം ഉദാഹരണമാണ്. പൗരത്വ പ്രക്ഷോഭത്തില്‍ 835 കേസുകളിലായി ആയിരങ്ങളെയാണ് പിണറായിയുടെ പൊലീസ് പ്രതികളാക്കിയത്.
500 ല്‍പരം കേസുകളില്‍ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. പൗരത്വ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം മോദി ഭക്തിയും ഭയവും മൂലം ഇതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍ പൗരത്വ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച സംഭവം ചേര്‍ത്തു വായിക്കുമ്പോഴാണ് സംഘി പ്രീണനത്തിന്റെ ആഴം വ്യക്തമാവുന്നത്. കേന്ദ്ര ഭരണകൂടം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ വേട്ടയില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ സൂരജ് കുണ്ഡില്‍ കഴിഞ്ഞ മാസം അമിത്ഷാ വിളിച്ചുചേര്‍ത്ത ആഭ്യന്തര മന്ത്രിമാരുടെ യോഗം മമതാ ബാനര്‍ജി, സ്റ്റാലിന്‍, അശോക് ഗെഹലോട്ട്, നവീന്‍ പട്‌നായിക് തുടങ്ങിയ പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌ക്കരിച്ചപ്പോള്‍ യോഗിക്കും ഷാക്കും നടുവില്‍ ഇരിക്കുന്ന പിണറായിയുടെ ചിത്രമാണ് സംഘികള്‍ നാടാകെ പ്രചരിപ്പിച്ചത്.
കേരളത്തില്‍ ബി.ജെ.പിക്ക് ഭരണമില്ലങ്കിലും ആഭ്യന്തര വകുപ്പ് മുഖാന്തരം ഫാസിസ്റ്റ് ഇംഗിതം നിറവേറ്റി കൊടുക്കുന്നതില്‍ പിണറായി ബദ്ധശ്രദ്ധനാണ്.