കൊല്ലം:ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും ഇ.ഡി ക്കും യൂത്ത് കോൺഗ്രസിന്റെ പരാതി. 38 ലക്ഷം രൂപ ചെലവിൽ കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിലാണ് ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്ന് പരാതിയിൽ പറയുന്നു. അതേസമയം അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികൾ ഉള്ള അപ്പാർട്‌മെന്റിലായിരുന്നു ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്‌മെന്റാണിത്. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ചിന്ത വാടകയായി നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും പരാതി നൽകിയത് .
അതേസമയം ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ചിന്തയുടെ പ്രതികരണം. അമ്മയുടെ അയുർവേദ ചികിത്സയുടെ ഭാഗമായാണ് അപ്പാർട്ട്‌മെന്റിൽ താമസിച്ചത്. മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നാണ് ചിന്ത പറയുന്നത്.