X

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ; പട്ടികജാതി അധ്യാപികയ്ക്ക് ഊരുവിലക്ക്

‘കാലിക്കറ്റി’ല്‍ പട്ടികജാതി അധ്യാപികയ്ക്ക് ഊരുവിലക്കെന്ന് ആക്ഷേപം. പട്ടികജാതി അധ്യാപികക്ക് ചട്ടവിരുദ്ധമായി വകുപ്പ് മേധാവിസ്ഥാനം നിരസിച്ച സര്‍വകലാശാല അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും, പട്ടിക ജാതി വകുപ്പ് മന്ത്രിക്കും, സംസ്ഥാന പട്ടികജാതി-ഗോത്ര കമ്മീഷനും നിവേദനം നല്‍കിയെന്ന് സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും അറിയിച്ചു. താരതമ്യ സാഹിത്യ പഠനവകുപ്പില്‍ സീനിയറായിട്ടുള്ള ഡോ: കെ.ദിവ്യ മേധാവിസ്ഥാനം സ്വീകരിക്കാന്‍ തയാറാണെന്ന് കാണിച്ച് അപേക്ഷിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിലുള്ള അധ്യാപികയാണ് ഡോ:ദിവ്യ. മറ്റുപഠന വകുപ്പുകളില്‍ സമാന രീതിയില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്ക് വകുപ്പ് മേധാവിസ്ഥാനം നല്‍കിയിരിക്കുമ്പോള്‍ ദിവ്യയെ ബോധപൂര്‍വം ഒഴിവാക്കുന്നതിന് വേണ്ടി അഞ്ചുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാവാതെ വകുപ്പ് മേധാവി സ്ഥാനം നല്‍കേണ്ടതില്ലെന്ന് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

അധ്യാപക നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ ആട്ടിമറിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ പട്ടികജാതിയില്‍പെട്ട അധ്യാപികയ്ക്ക് വകുപ്പ് മേധാവിസ്ഥാനത്തിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍വകലാശാല ചട്ടപ്രകാരം പഠന വകുപ്പില്‍ പ്രഫസറുടെയോ അസോസിയേറ്റ് പ്രഫസറുടെയോ അഭാവത്തില്‍ സീനിയറായ അസിസ്റ്റന്റ് പ്രഫസറെ വകുപ്പ് മേധാവിയായി നാമനിര്‍ദേശം ചെയ്യണം.

എറണാകുളത്തെ യുവ സി.പി.എം മുന്‍ എം.എല്‍.എയുടെ സ്വാധീനത്തില്‍ നിയമനം ലഭിച്ച ഈ വകുപ്പിലെ മറ്റൊരു വനിതാ അധ്യാപികയുടെ സമ്മര്‍ദത്തിന് വഴങ്ങി സിന്‍ഡിക്കേറ്റിലെ സി.പി.എം അംഗം മുന്‍കൈയെടുത്താണ് പട്ടിജാതിക്കാരിയായ അധ്യാപികയെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന് ആരോപണമുണ്ട്. വകുപ്പ് മേധാവി സ്ഥാനം സ്വീകരിക്കാനുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി ഡോ:ദിവ്യയോട് വിശദീകരണം ചോദിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

 

webdesk12: