61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിനി വേദികളിലേക്കെത്തുന്ന കാര്യമാലോചിച്ച് ആശങ്ക വേണ്ട. യാത്രാ സൗകര്യവുമായി ‘കലോത്സവ വണ്ടികള്‍’ നിരത്തിലുണ്ട്. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചത്. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടിയും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് വേദികളിലേക്ക് എത്തുന്നതിനായി ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ബസുകളും ഇന്നോവ കാറുകളും ഉള്‍പ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികള്‍ എന്ന പേരില്‍ സര്‍വ്വീസ് നടത്തുക. നിരക്ക് കുറച്ച് 130 ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. മീറ്റര്‍ ചാര്‍ജില്‍ മുന്ന് രൂപ കുറച്ചാണ് ഇത്തരം വണ്ടികളില്‍ ഈടാക്കുക. കൂടാതെ രാത്രി 11.30 ന് ശേഷം മാത്രമേ അമിത ചാര്‍ജ് ഈടാക്കുകയെന്നും കമ്മിറ്റി കണ്‍വീനര്‍ അബ്ദുള്‍ ജലീല്‍ പാണക്കാട് പറഞ്ഞു. കലാ പ്രതിഭകളെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുന്നതും വേദികളിലേക്ക് കൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ളവയ്ക്ക് വാഹനത്തിന്റെ സേവനമുണ്ടാകും. യാത്ര പൂര്‍ണ്ണമായും സൗജന്യമാണ് എന്നതാണ് കലോത്സവ വണ്ടികളുടെ പ്രത്യേകത.
വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുമുണ്ട്. വിവരങ്ങള്‍ക്കായി 8075029425, 9846506364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.