മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയിലെ വിള്ളല്‍ വീണ് തകര്‍ച്ചയിലായ മറവൂര്‍ പാലം ബംഗളൂരില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി പദ്ധതി തയ്യാറായതായും ഒരുമാസത്തിനകം ഗതാഗത യോഗ്യമാക്കുമെന്നും സംഘം അറിയിച്ചു. സ്ട്രക്റ്റ് ജിയോടെക് റിസര്‍ച്ച് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍കെ ജയഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പാലം പരിശോധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലത്തില്‍ വിള്ളല്‍ കണ്ടത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.
തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയിലാണ് പാലത്തിന് കേടുപാട് പറ്റിയതെന്ന് സംഘം വിലയിരുത്തി. പാലത്തിന്റെ ഫൗണ്ടേഷന്‍ ഏകദേശം രണ്ടു മുതല്‍ മൂന്നു അടി ഇടിഞ്ഞതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പാത 67ല്‍ 300 മീറ്റര്‍ നീളമുള്ള 52 വര്‍ഷം പഴക്കമുള്ള ഈപാലം 1969ല്‍ നിര്‍മിച്ചതാണ്. പാലത്തിന് ഒമ്പത് സ്പാനുകളുണ്ട്. ഓരോ സ്പാനിനും 21 മീറ്റര്‍ വീതിയുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് അറ്റകുറ്റപണികള്‍ നടത്തുക.
ഇതിനുള്ള തയ്യാറെടുപ്പ് പണികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് അടക്കമുള്ള യാത്രക്കാര്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് വേറൊരു വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. മംഗളൂരില്‍ നിന്ന് 20 മിനുറ്റില്‍ എത്തിയിരുന്ന വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറാണ് ഇപ്പോഴെടുക്കുന്ന സമയം. അതേസമയം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഹെവി വാഹനങ്ങള്‍ക്ക് പാലത്തിലൂടെ പ്രവേശനം ഉണ്ടാവില്ലെന്നാണ് സൂചന.