കേരളത്തില്‍ ഇന്നുമുതല്‍ മദ്യത്തിനു വിലവര്‍ധിക്കും. രണ്ട് ശതമാനം വില്‍പന നികുതിയാണ് വര്‍ധിച്ചത്. സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്‍റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആയി. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വില്‍പന നികുതി ഈടാക്കും.
മദ്യവില വര്‍ധിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെയാണ് ഒപ്പുവെച്ചത്. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതല്‍ ഒന്‍പത് ബ്രാന്‍ഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകമാവുക. പുതു വര്‍ഷത്തില്‍ പുതിയ വിലക്ക് വില്‍ക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവില്‍ പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്ന് രേഖപ്പെടുത്തിയതിനാല്‍ ഇന്ന് മുതല്‍ തന്നെ പുതിയ വിലക്ക് വില്‍പന നടത്തുകയാണ്.