കൊച്ചി: ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടലില്‍, അബുദാബിയില്‍ വധശിക്ഷയില്‍ നിന്നും മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ മടങ്ങിയെത്തി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് കൃഷ്ണന്‍ നെടുമ്പാശേരിയിലെത്തിയത്. ഭാര്യ വീണ, മകന്‍ അദ്വൈത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ഥനക്കും കാത്തിരിപ്പിനുമൊടുവിലാണ് ബെക്‌സ് നാട്ടിലെത്തുന്നത്. ആനന്ദ കണ്ണീര്‍ പൊഴിച്ചാണ് ഭാര്യയും മകനും ഇദ്ദേഹത്തെ വരവേറ്റത്. ഇത് കണ്ടു നിന്നവരുടെയും കണ്ണുകള്‍ നിറച്ചു. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അബുദാബിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സ്, ജയില്‍ മോചിതനായി നാട്ടില്‍ മടങ്ങിയെത്തിയത്.
എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്ത് നിന്നും പുതിയൊരു ജീവിതമാണ് തനിക്ക് തിരിച്ചു കിട്ടിയതെന്ന് ബെക്‌സ് കൃഷ്ണന്‍ പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും യൂസഫലിയാണ് ജയില്‍ മോചനത്തിന് വഴി തുറക്കുന്നതിനുള്ള തുക കെട്ടിയതും എല്ലാ കാര്യങ്ങളും ശരിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി മുസഫയില്‍ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബെക്‌സ് കൃഷ്ണന്് വധശിക്ഷ വിധിക്കപ്പെട്ടത്. 2012 സെപ്തംബര്‍ ഏഴിന് ജോലി സംബന്ധമായി മുസഫയിലേക്ക് പോകുമ്പോള്‍, ബെക്‌സ് ഓടിച്ചിരുന്ന കാര്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയാണ് സുഡാന്‍ പൗരനായ ബാലന്‍ മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചത്.
അല്‍വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെയാണ് എം.എ യൂസഫലിയെ ബന്ധപ്പെട്ടതും മോചനത്തിന് വഴിയൊരുങ്ങിയതും. യൂസഫലി തന്നെയാണ് അഞ്ച് ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവച്ചത്.