X

കണ്‍വെര്‍ട്ടര്‍ കിറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭം; ഇരുചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക്

പെട്രോള്‍, ഡീസല്‍ വില വര്‍ധന കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയിലായ ഇരുചക്ര വാഹനക്കാര്‍ ബദല്‍ മാര്‍ഗമായി ഇലക്ട്രിക്കിലേക്ക്. ജോലിക്കും മറ്റുമുള്ള യാത്രക്ക് ഒഴിച്ചുകൂടാനാവാത്ത വാഹനയാത്ര ഇന്ധനവില കൂടിയതിനാല്‍ നഷ്ടത്തിലായതോടെയാണ് ബദല്‍ മാര്‍ഗമാലോചിക്കുന്നവര്‍ കണ്‍വെര്‍ട്ടര്‍ കിറ്റുകളിലേക്ക് തിരിഞ്ഞത്.

പെട്രോളിനു പകരം വൈദ്യുതി ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനമാക്കി മാറ്റാനാണ് കണ്‍വെര്‍ട്ടര്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത്. വിവിധ തരം കിറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭമായതോടെ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇലക്ട്രിക് മോഡിലേക്ക് മാറ്റുന്നത് വ്യാപകമായി.

ഇലക്ട്രിക് വാഹനങ്ങളാണ് നിലവില്‍ ഏറ്റവും ചെലവ് കുറഞ്ഞത്. എന്നാല്‍ അവയുടെ വിലയും വേഗതയിലെ പരിമിതികളും സാധാരണക്കാരെ അകറ്റി. യാത്രാവേളയില്‍ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നപോയാല്‍ വഴിയില്‍ പെട്ടുപോകുമെന്ന ആശങ്കയും ഇലക്ട്രിക്ക് ബൈക്കുകള്‍ വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകമായി. ഇതിനു പരിഹാരമായാണ് നിലവിലെ സ്‌കൂട്ടറില്‍ ഹൈബ്രിഡ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കണ്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നത്. പെട്രോള്‍ സ്‌കൂട്ടര്‍ സ്വന്തമായി ഉണ്ടെങ്കില്‍ അതിനെ ഹൈബ്രിഡ് ഇക്ട്രിക്ക് സ്‌കൂട്ടര്‍ ആക്കി മാറ്റാവുന്ന സാങ്കേതിക വിദ്യയാണ് ഇത്.

വാഹനത്തിന്റെ നിലവിലെ എഞ്ചിനിലോ ബോഡിയിലോ യാതൊരുവിധ മാറ്റവും വരുത്താതെ പിന്‍ വീലില്‍ ഇലക്ട്രിക്ക് മോട്ടോര്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഇലക്ട്രിക്ക് പവറിലും ആവശ്യമെങ്കില്‍ പെട്രോള്‍ ഒഴിച്ചും ഓടിക്കാവുന്നതാണ്. നിലവിലുള്ള ഘടനയിലോ പെര്‍ഫോമെന്‍സിലോ മാറ്റം വരുന്നില്ല എന്നതിനാല്‍ നിലവിലെ വാഹനം അതേപോലെ ഉപയോഗിക്കുകയും ചെയ്യാം.

കണ്‍വേര്‍ട്ടര്‍ കിറ്റുകള്‍ 5000 രൂപ മുതല്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ലഭ്യമാണ്. വാട്ടിന്റെ തോത് അനുസരിച്ച് വില ഉയരും. ഹോണ്ട ആക്റ്റീവ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ആക്കാന്‍ 20,000 രൂപയോളം ചെലവ് വരും.
വീട്ടില്‍ നിന്നു തന്നെ ചാര്‍ജ് ചെയ്യാന്‍ കഴുന്നതിനാല്‍ നിരവധി പേരാണ് പെട്രോള്‍ സ്‌കൂട്ടര്‍ ഇലക്ട്രിക്കിലേക്ക് മാറ്റിയത്. ചാര്‍ജ് കഴിഞ്ഞാല്‍ പെട്രോളില്‍ ഓടാം എന്നതിനാല്‍ വഴിയില്‍ കുടുങ്ങും എന്ന പേടിയുമില്ല. സ്റ്റാര്‍ട്ടിങിന് രണ്ടു ബട്ടണുകളില്‍ ആവശ്യമുള്ളത് ഉപയോഗിക്കാം.

കിറ്റുകള്‍ വ്യാപകമായതോടെ നിരവധി പേര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മെക്കാനിക്കിന്റെ സഹായത്തോടെയും സ്വന്തമായും കിറ്റ് ഫിറ്റ് ചെയ്യാം. ഇതിനായി വീഡിയോ സഹായിയും പുറത്തിറക്കിയിട്ടുണ്ട്. കാറില്‍ ഉപയോഗിക്കാവുന്ന ഇലക്ട്രിക് കിറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

Test User: