X

പകരക്കാരനില്ലാത്ത യുഗപ്രഭാവന്‍

 

ഡോ. അബേഷ് രഘുവരന്‍

(കൊച്ചി സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

ലോകത്തിന്റെ നന്മകളിലും, മാനുഷിക മൂല്യങ്ങളിലും ഇടിവ് സംഭവിക്കുന്നതിനനുസരിച്ച് പ്രാധാന്യവും മൂല്യവും ഏറുന്നവയെയാണ് യഥാര്‍ഥത്തില്‍ മഹത് ദര്‍ശനങ്ങള്‍ എന്ന് പറയപ്പെടുന്നത്. ആ അര്‍ഥത്തില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി ഓരോ വര്‍ഷം കഴിയുമ്പോഴും കൂടിക്കൂടിവരികയാണ്. ആദര്‍ശം നഷ്ടപ്പെട്ട മനുഷ്യനും ലക്ഷ്യമില്ലാതലയുന്ന ലോകക്രമങ്ങളുമൊക്കെ ഇന്ന് സമാധാനമില്ലായ്മയുടെയും മാനസികസമ്മര്‍ദ്ദങ്ങളുടെയും ഭൂമികയായി ലോകത്തെ മാറ്റിയിട്ടുണ്ട്. ഈയവസരത്തില്‍ കാലത്തെയും മാറുന്ന മനുഷ്യമനസ്സിനേയുമൊക്കെ അതിജീവിക്കുന്ന മന്ത്രങ്ങളായി, കാലത്തിന്റെ ഒരു പോറല്‍പോലും ഏല്‍ക്കാതെ ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ നിലനില്‍ക്കുന്നത് അതിന്റെ കാലാനുവര്‍ത്തിയായ ഉള്‍ക്കരുത്ത് ഒന്നുകൊണ്ടുമാത്രമാണ്. മറ്റൊരു ചതയദിനം കടന്നുവരുമ്പോള്‍ കോവിഡ് ഭീഷണിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടുനില്‍ക്കുന്ന മനുഷ്യനില്‍ ആശയുടെയും പ്രതീക്ഷയുടെയും നാമ്പുകള്‍ മുളപ്പിക്കാനും ഉത്സാഹത്തോടെ മുന്നോട്ടുപോകാനും മനുഷ്യന്‍ ഒന്നാണെന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് സഹജീവികളെക്കൂടി കൈപിടിച്ച് കയറ്റാനുമുള്ള ശുഭകരമായ മാനസികനില വളര്‍ത്തിയെടുക്കാനുമാണ് കഴിയേണ്ടത്.

ലോകത്തെ വിവിധ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍നിന്ന് ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തുന്നത് കാലാനുവര്‍ത്തിയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മികവുകൊണ്ടാണ്. താന്‍ തുറന്നിട്ട സ്വതന്ത്രമായ വാതിലിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാന്‍ പിറകെവരുന്നവര്‍ക്ക് കഴിഞ്ഞോ എന്നതാണ് പ്രസക്തമായ കാര്യം. തുടങ്ങിവെച്ച മാറ്റത്തിന്റെ തുടക്കം, ആ കാലത്തിന്റെ തന്നെ ഏതോ ഒരു ഭൂതകാലച്ചരുവില്‍ ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുകയാണ്. ജാതിവ്യവസ്ഥ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇന്നും വാപിളര്‍ന്നുനില്‍ക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ഇന്നും കുറവൊന്നുമില്ല. ‘ഒരു ദൈവം മനുഷ്യന്’ എന്ന് അരുളിചെയ്‌തെങ്കിലും ഇന്നാകട്ടെ ഒന്നിനുപകരം ഒരു കോടി ദൈവങ്ങളായി അത് ഉയര്‍ന്നിരിക്കുന്നു. ഒരു ദൈവത്തിന്റെ പിന്നില്‍ ഒറ്റക്കെട്ടായി ജനങ്ങള്‍ അണിനിരക്കണമെന്ന് അദ്ദേഹം ആശിച്ചെങ്കിലും ഒരുകോടി ദൈവങ്ങളുടെപിന്നില്‍ അത്രതന്നെ കൂട്ടമായി നിന്ന് പരസ്പരം പോരടിക്കുന്നു ഇപ്പോള്‍.

നീചമായ ജാതിവ്യവസ്ഥകള്‍ നിലനിന്നിരുന്ന ഭൂതകാലം നമുക്കുണ്ടായിരുന്നു. ജാതി ചിന്തകള്‍ സമൂഹത്തിന്റെ ശരിയാണെന്ന മേലാള ചിന്തകള്‍ക്കുമേല്‍ കത്തിജ്വലിച്ച ഒരുകൂട്ടം കനലുകള്‍ വാരിയിട്ടുകൊണ്ടാണ് വിശ്വഗുരു ഉച്ചനീചത്വത്തിന് എതിരെ ഉറക്കെ ശബ്ദിച്ചത്. ജാതിമത ചിന്തകളില്‍ തളച്ചിടപ്പെടുന്ന സമൂഹത്തിന്റെ കുറവുകള്‍ മുന്‍കൂട്ടിക്കണ്ട്, അത്തരം ചിന്തകള്‍ക്കും അതീതമായ ഒരു സമൂഹത്തെ കെട്ടിപ്പടുത്തുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നരുളിചെയ്തപ്പോള്‍; അതില്‍ത്തന്നെ ഗുരു ജാതിയും മതവും പറഞ്ഞെന്ന് ആരോപിക്കുന്നവര്‍ക്ക് ഗുരുതന്നെ ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും കൃത്യമായ നിര്‍വചനം നല്‍കിയിട്ടുമുണ്ട്. ‘ഒന്നിന്റെ ജാതി ഏതെന്നത് അതിന്റെ സ്വരൂപ ലക്ഷണങ്ങള്‍ കൊണ്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. ആ ലക്ഷണങ്ങള്‍ തത്വചിന്തയ്ക്കും ശാസ്ത്രത്തിനും യുക്തിയ്ക്കും നിരക്കുന്നതായിരിക്കുകയും വേണം. അവ്യാപ്തി, അതിവ്യാപ്തി, അസംഭവം എന്നീ ത്രിദോഷങ്ങള്‍ ബാധിക്കാത്ത യഥാര്‍ഥ ലക്ഷണങ്ങള്‍ ആണ് ഏതൊരു ജീവിയുടെയും ജാതിയേതെന്ന് വെളിപ്പെടുത്തുന്നത് (ജാതിനിര്‍ണ്ണയം, ജാതിലക്ഷണം ശ്രീനാരായണഗുരു) ‘ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍’ എന്ന് ഗുരു അരുളിചെയ്തതില്‍ സര്‍വ്വതലത്തിലെ ഭേദങ്ങളെയും അകറ്റിനിര്‍ത്താനുള്ള ധ്വനി നിഴലിക്കുന്നുണ്ട്. ലോകത്താകമാനമുള്ള മനുഷ്യകുലത്തിന്റെ പിറവിയും അടിസ്ഥാന ശരീര നിര്‍മ്മിതിയും ഒരുപോലെയാകയാല്‍ അവന്‍ ഒരു ജാതി തന്നെയാണ്. സന്താനോത്പാദനത്തിനായി അവന്‍ സ്വന്തം ഇനത്തിപ്പെട്ടവരെ മാത്രമാണ് ആശ്രയിക്കുന്നത്. അതില്‍ത്തന്നെ അവന്റെ ഭാവവും ശബ്ദവും ഗന്ധവും നോട്ടവും ഊഷ്മാവുമൊക്കെ വെവ്വേറെയാണെങ്കിലും അടിസ്ഥാനപരമായി അവന്‍ ഒരു ജാതിയില്‍തന്നെ ഉള്‍പ്പെടുന്നു. എല്ലാ മതങ്ങളും പഠിക്കുകയും അവയുടെ സാരാംശങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഒന്നുതന്നെ ഇല്ലെന്ന തിരിച്ചറിവാണ് ഗുരു അര്‍ഥമാക്കിയ മതം. അങ്ങനെ മതമില്ല എന്ന തിരിച്ചറിവ് എന്ന മതം മനുഷ്യനെ ഒന്നായി ചേര്‍ത്തുനിര്‍ത്തുമെന്നും ഗുരു വിശ്വസിച്ചു. ഗുരുവിന്റെ ദൈവത്തെക്കുറിച്ചുള്ള അഭിപ്രായവും അതിസമ്പന്നമായ അര്‍ഥത്തില്‍ ഉള്ളതുതന്നെയാണ്. അദ്ദേഹം ദൈവമായി കണ്ടത് സച്ചിതാനന്ദസ്വരൂപമാണ് (സദ്ചിത്ആനന്ദം). ദൈവദശകത്തില്‍ ‘നീ സത്യം ജ്ഞാനം ആനന്ദം’ എന്നാണു ദൈവത്തെ അര്‍ഥമാക്കിയിരിക്കുന്നത്. കണ്ണാടി പ്രതിഷ്ഠിച്ചപ്പോഴും നമ്മുടെ ദൈവം നമ്മില്‍ത്തന്നെ കുടികൊള്ളുന്നു എന്ന് ഉദ്‌ഘോഷിക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചത്. അതല്ലാതെ കല്ലിലോ, മണ്ണിലോ, ജലത്തിലോ ഒന്നും ദൈവത്തെ നിയ്രന്തിച്ചുനിര്‍ത്താന്‍ ആ മഹാനുഭാവന് കഴിയുമായിരുന്നില്ല.

മനുഷ്യരാശി ഉള്ളിടത്തോളം കാലം മൂല്യവത്തായ ജീവിതദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കാനായി ഒരു മനുഷ്യായുസ്സ് മുഴുവന്‍ മാറ്റിവച്ച ആളായിരുന്നു ശ്രീനാരായണ ഗുരു. അതൊക്കെത്തന്നെ കാലത്തെ അതിജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്നും ഗുരുവിന്റെ വാക്ശകലങ്ങള്‍ മൂല്യബോധം നഷ്ടപ്പെടുന്ന സമൂഹത്തിന്റെ മുകളില്‍ തൂങ്ങിയ വാള്‍ പോലെ, അതേ തിളക്കത്തോടെ നിലനില്‍ക്കുന്നത്. ഗുരു മഹത്തരമായ കാര്യങ്ങള്‍ ചെയ്തതിനേക്കാള്‍, കാലം അവയെയൊക്കെ മഹത്തരമായ ശ്രേണിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. സഹജീവികളുടെ ദുഃഖവും നൊമ്പരവുമൊക്കെ തന്റേതാക്കിമാറ്റി അവര്‍ക്ക് സുഖവും സന്തോഷവും പ്രദാനം ചെയ്യാന്‍ ഗുരുവിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കറയായിനിന്ന ഉച്ചനീചത്വത്തിനെതിരെ, മനുഷ്യത്വം എന്ന വികാരത്തെ അദ്ദേഹം സുന്ദരമായി നിര്‍വ്വചിച്ചു. ദാഹിച്ചു വലഞ്ഞവന്മുന്നില്‍, അവന്റെ കവിള്‍ നിറയെ ദാഹജലം കൊടുക്കുകയെന്ന പ്രവൃത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനുഷ്യത്വം. അവന്റെ ജാതിയും മതവും പരിശോധിച്ച് മാത്രം പരിചരിച്ച കാലത്തോടും സമൂഹത്തോടും അദ്ദേഹം മേല്‍പറഞ്ഞ മനുഷ്യത്വത്തില്‍ ഊന്നിനിന്നുകൊണ്ട് കലഹിച്ചു. നിരന്തരമായ കലഹത്തിലൂടെ അദ്ദേഹം അവര്‍ക്ക് അസ്തിത്വം പകര്‍ന്നുനല്‍കി. മേലാളന്മാര്‍, ഒരു മനുഷ്യനായി പോലും കാണാന്‍ മടിച്ച കീഴാളന്മാരുടെ കൈപിടിച്ച് അദ്ദേഹം വെള്ളവും ആഹാരവും ആരാധിക്കാനുള്ള അവകാശവും അവര്‍ക്ക് നേടിക്കൊടുത്തു. അതൊക്കെ അന്നേവരെ നാട് പിന്തുടര്‍ന്നുവന്ന ശരികളെ മാറ്റിമറിക്കുന്നതായിരുന്നതുകൊണ്ട് എതിര്‍പ്പുകള്‍ ശക്തമായിരുന്നു. എന്നാല്‍ ആ എതിര്‍പ്പുകളെയൊക്കെ ആശയങ്ങള്‍കൊണ്ട് തച്ചുടയ്ക്കാന്‍ ശക്തനായിരുന്നു ഗുരു.

എന്നാല്‍, ഏതൊരു നല്ലമനുഷ്യനും കാലം ചില ദുര്‍ഘടമായ വഴികളും വാനോളം ഉയര്‍ന്നതരം തടസ്സങ്ങളും കരുതിവച്ചിരിക്കും. ഗുരു എന്താണോ ആഗ്രഹിച്ചത്, എന്തിനായാണോ നിലകൊണ്ടത്, അതൊക്കെ കാറ്റില്‍പറത്തി; എന്തിനെതിരെയാണോ ശബ്ദിച്ചത് അത് ഗുരുവിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കുകയാണ് ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാരായ നാം ചെയ്തുകൊണ്ടിരിക്കുന്നത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ കാലാനുവര്‍ത്തിയാണെന്ന് ഉദ്‌ഘോഷിക്കുമ്പോഴും ഒരു പറച്ചിലിനപ്പുറം ഇന്ന് അത് നമുക്കാര്‍ക്കും ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്നില്ല എന്ന സത്യം തിരിച്ചറിയുന്നുണ്ട്. ജാതിമത വ്യവസ്ഥകള്‍ നാള്‍ക്കുനാള്‍ അതിന്റെ അതിര്‍വരമ്പുകള്‍ ശക്തമാക്കുകയും അതിനൊപ്പം മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ അകലുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഗുരുവിന്റെ കാലത്തുനിന്നും ജാതിമത ചിന്തകളുടെ സ്വഭാവം ഇന്ന് ഒന്നല്ലെങ്കില്‍ മറ്റൊരുതലത്തില്‍ കൂടുതല്‍ ഗാഢമാവുകയാണ് ചെയ്തിരിക്കുന്നത്. മേലാളകീഴാള വ്യത്യാസങ്ങള്‍ പ്രകടമായി ഇല്ലെങ്കിലും നിശബ്ദമായ അതിന്റെ അലയൊലികള്‍ നിലനില്‍ക്കുന്നതിന്റെ തെളിവാണ് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദലിത് പീഡനങ്ങള്‍. അധസ്ഥിതരായ ഒരു സമൂഹത്തിന്റെ ഉന്നമനത്തിനായി ഉറക്കെ പ്രസംഗിക്കുകയും എന്നാല്‍ ഒരിക്കലും ഉയര്‍ന്നുവരാന്‍ അവരെ അനുവദിക്കാതെയിരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സത്യങ്ങള്‍ സമൂഹത്തിന്റെ ശാപമെന്നല്ലാതെ മറ്റെന്താണ്? പിറന്നനാട്ടില്‍ അന്തിയുറങ്ങാനെങ്കിലും ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ സമരം ചെയ്യേണ്ടിവരാന്‍ ദലിതനെ നിര്‍ബന്ധിതരാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നാം നേടിയ സാമൂഹ്യ പരിഷ്‌കരണത്തിന് എന്തടിസ്ഥാനമാണ് ഉള്ളത്?

 

Test User: