പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം രാത്രിയോടെ തുറക്കാന്‍ സാധ്യതയെന്ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.ആളിയാര്‍ ഡാം ജലനിരപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ 1049.30 അടിയില്‍ എത്തിയിരുന്നു. ഇതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.അതേസമയം കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാകുകയാണ്. മധ്യ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 4 – 5 ദിവസം ഒറ്റപെട്ട ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഇന്ന് അഞ്ച് ജില്ലകളില്‍ മഴ ജാഗ്രത നിര്‍ദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.