ആലപ്പുഴ: കളരിക്കല്‍ സലഫി ജുമുആ മസ്ജിദില്‍ നടത്തിയ സൗജന്യ വാക്സിനേഷന്‍ ക്യാമ്പിനെതിരെ വ്യാജ പരാതിയുമായി ബിജെപി രംഗത്ത്. മസ്ജിദില്‍വെച്ച് നടത്തിയ ക്യാമ്പില്‍ മുസ്ലിംകള്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്നുവെന്നായിരുന്നു ബിജെപിയുടെ പ്രചരണം. ബിജെപിയുടെ വര്‍ഗ്ഗീയത ലക്ഷ്യമാക്കിയുള്ള ഇടപെടലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനാവാതെ മടങ്ങേണ്ടി വന്നു.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. എംഎല്‍എയുടെ മൊബൈല്‍ വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാളാത്ത്, കറുകയില്‍ വാര്‍ഡിലെ ജനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ക്യാമ്പ്. ആശാ വര്‍ക്കര്‍മാരുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കേണ്ടവര്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. വാക്സിനേഷന്‍ നടക്കുന്ന സമയത്ത് സ്ഥലത്ത് എത്തിയ ബിജെപി സംഘം പിന്നീട് ഡിഎംഒ ഓഫീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമാക്കിയ ബിജെപി നീക്കത്തെ തുടര്‍ന്ന് ഉച്ചക്ക് ശേഷമുള്ള വാക്സിനേഷന്‍ നടപടി നിര്‍ത്തിവെച്ചു. അതിനിടെ 63 പേര്‍ക്ക് വക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഉച്ചക്ക് ശേഷവും വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ 50 പേര്‍ക്ക് കൂടി വാക്സിന്‍ ലഭിച്ചേനെയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എംആര്‍ പ്രേം പറഞ്ഞു. വാക്സിന്‍ വിതരണം മതം നോക്കി ചെയ്യേണ്ടകാര്യമല്ലെന്നും ബിജെപിയുടെ വ്യാജ പ്രചരണമാണ് വിതരണം പൂര്‍ത്തീകരിക്കാന്‍ തടസ്സം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആകെ വാക്സിന്‍ സ്വീകരിച്ചവരില്‍ 15ല്‍ താഴെ മുസ്ലിംകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് വിവരം.