ആലപ്പുഴ: ചന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് ചോര്‍ച്ച തത്ക്കാലം അടച്ചു. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് അടച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ട്രാവന്‍കൂര്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് കൊല്ലത്തെ കെഎംഎംഎല്ലിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ടാങ്കറിന്റെ വാല്‍വാണ് ചോര്‍ന്നത്.
ചന്തിരൂര്‍ പാലം ഇറങ്ങിയതിന് പിന്നാലെ ടാങ്കര്‍ ലോറിയുടെ പിറകുവശത്തെ വാല്‍വ് തുറന്നുപോകുകയായിരുന്നു. 500 മീറ്ററോളം ദൂരം വാതകം റോഡിലൂടെ ഒഴുകി. ചോര്‍ച്ച തിരിച്ചറിഞ്ഞ് ഡ്രൈവര്‍ വാഹനം നിര്‍ത്തി പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷ ഗന്ധമാണ് അനുഭവപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി അരൂര്‍- ചേര്‍ത്തല ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്ന്് ലോറി ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മരക്കുറ്റി ഉപയോഗിച്ച് വാല്‍വ് തത്ക്കാലം അടയ്ക്കുകയായിരുന്നു. കമ്ബനിയില്‍ നിന്ന് പുതിയ വാല്‍വ് എത്തിച്ച ശേഷം ലോറി യാത്ര തുടങ്ങും.