X

സ്വര്‍ണകള്ളക്കടത്ത്; വിമാനത്താവള പട്ടികയില്‍ കേരളവും

നെടുമ്പാശ്ശേരി : വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വര്‍ണം ഏറ്റവും കൂടുതല്‍ പിടികൂടുന്ന ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഈ പട്ടികയിലുള്ളത്. 2020 ജൂണ്‍ മാസത്തിന് മുന്‍പുള്ള അഞ്ച് വര്‍ഷത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

34 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ മുംബൈ, ദില്ലി, ചെന്നൈ വിമാനത്താവളങ്ങളാണ് സ്വര്‍ണക്കടത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതെങ്കിലും ഇവയ്ക്ക് തൊട്ട് പിന്നില്‍ നാലും അഞ്ചും സ്ഥാനത്താണ് കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ബംഗളൂരു, കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വിമാനത്താവളങ്ങള്‍.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കടത്തിയ 11,144 കിലോ സ്വര്‍ണമാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 2016-17 ല്‍ 921 കിലോയും 2017-18 ല്‍ 1996 കിലോയും 2018-19 ല്‍ 2946 കിലോയും 2019-20 ല്‍ 2829 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. ഇത് കൂടാതെ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 123 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. ഇവയ്ക്ക് മൊത്തമായി 31228 കോടിയുടെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. 2020 – 21 ല്‍ കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് കടുത്ത നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ താരതമ്യേന അന്താരാഷ്ട്ര സര്‍വീസുകള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായി സ്വര്‍ണം കടത്താനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല.

 

 

 

Test User: