ന്യുഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച വന്‍കിട വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് വിമാന സര്‍വീസ് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന് എം. പി. അബ്ദുസ്സമദ് സമദാനി, എം. പി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനും വിമാനത്താവളത്തിന്റെ ക്ഷേമവും വികസനവും ഉറപ്പ് വരുത്തുന്നതിനായി ഒരു വര്‍ഷം മുന്‍പ് നടന്ന വിമാനാപകടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടനടി സമര്‍പ്പിക്കപ്പെടുന്നതിനും നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു.
ഇരുപതൊന്നു യാത്രക്കാരും രണ്ട് പൈലറ്റുമാരും മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണമായ വിമാനാപകടം നടന്ന് ഒരു വര്ഷം കഴിഞ്ഞിട്ടും അത് സംബന്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്.
വിമാനാപകടത്തെ തുടര്‍ന്നാണ് വന്‍കിട വിമാനങ്ങളുടെ സര്‍വീസ് റദ്ധാക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്. അപകടം നടന്ന് ഒരു വര്ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമയത്തിനകം സമര്‍പ്പിക്കപ്പെടുകയുണ്ടായില്ല. കാലാവധി രണ്ട് മാസം നീട്ടിക്കൊടുത്തിട്ടും റിപ്പോര്‍ട്ട് സമര്‍പ്പണം നീണ്ടു പോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സമദാനി പറഞ്ഞു. അപകടം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും നീക്കിക്കളയാനും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയി ലേക്ക് തിരിച്ചു കൊണ്ടുവരാനും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കക്കേണ്ടതുണ്ട്.
കേരളത്തിലും പുറത്തുമുള്ള വലിയൊരു ജനവിഭാഗം കോഴിക്കോട് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. ഒട്ടേറെ സാധാരണക്കാരുടെ ഉപജീവന മാര്‍ക്ഷത്തിലേക്കുള്ള കവാടം കൂടെയാണ് സമദാനി പറഞ്ഞു. അത് പരിഗണിച്ച് വിമാനത്താവളത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്തിച്ചു. ഇക്കാര്യത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും സമദാനി പറഞ്ഞു