കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിന്‍റെ സ്റ്റേ ഹൈകോടതി നീക്കി. സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയാണെന്ന് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി.കേസ് ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടു നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നാലെ വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈകോടതി കേസിലെ സ്‌റ്റേ നീക്കുകയായിരുന്നു.
ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസിലെ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് സൈബി ജോസ് നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സ്‌റ്റേ റദ്ദാക്കിയത്. ഒത്തുതീര്‍പ്പ് കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്.ഇതോടെ വ്യാജരേഖ ചമക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ ഉണ്ടായെന്ന് നിരീക്ഷിച്ച കോടതി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നടന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹരജി പരിഗണിക്കുന്നതിന് 17ലേക്ക് മാറ്റിവെച്ചു.