X
    Categories: indiaNews

ഹിജാബ്: കര്‍ണാടകയില്‍ വനിത കോളജ് പദ്ധതിയുമായി വഖഫ് ബോര്‍ഡ്; വിവാദമായപ്പോള്‍ തിരുത്തി

ബംഗളുരു :സംസ്ഥാനത്ത് 10 ഗവ. മുസ്ലിം ഗേള്‍സ് കോളജുകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു എന്ന വിവരം കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി വെളിപ്പെടുത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകള്‍ കൂട്ടത്തോടെ രംഗത്ത്.സര്‍കാര്‍ തലത്തില്‍ തീരുമാനം എടുത്തില്ലെന്ന് ബെംഗ്‌ളൂറില്‍ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണമാവാം എന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചു.

വിവിധ ജില്ലകളിലായി 10 മുസ്‍ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
കര്‍ണാടക വഖഫ് ബോര്‍ഡ് ദക്ഷിണ കന്നഡ ജില്ല ഉപദശക സമിതി ചെയര്‍മാന്‍ നസീര്‍ ലകിസ്റ്റാര്‍ അഡ്യാറില്‍ മുസ്ലിം ഗേള്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പെടെ മംഗ്‌ളൂറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.

അതേസമയം സര്‍കാര്‍ മേഖലയില്‍ കൂടുതല്‍ വനിത കോളജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ സഹായകമാണെന്ന് വഖഫ് ബോര്‍ഡ് ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധത്തെ തുടര്‍ന്ന് 8000 ത്തോളം വിദ്യാര്‍ഥിനികള്‍ ഗവ. കോളജുകള്‍ വിട്ട് ശിരോവസ്ത്രം അനുവദനീയമായ സ്ഥാപനങ്ങളില്‍ ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരമൊരു പുതിയ പദ്ധതി ചര്‍ചയായത്.

Test User: